SA vs IND : 'അവരെ കളിപ്പിക്കരുതായിരുന്നു'; ഇന്ത്യക്ക് പരമ്പര നഷ്ടമാവാനുള്ള കാരണം വ്യക്തമാക്കി മുന്‍ പാക് താരം

By Web TeamFirst Published Jan 15, 2022, 5:59 PM IST
Highlights

ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ അവസാന രണ്ട് മത്സരവും അടിയറവ് വെക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസറ്റ് പരമ്പരയെന്ന നേട്ടത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും.
 

ഇസ്ലാമാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് ഇന്ത്യ (Team India) ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ അവസാന രണ്ട് മത്സരവും അടിയറവ് വെക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസറ്റ് പരമ്പരയെന്ന നേട്ടത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും.

ടീം ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതില്‍ ഒരാളാണ് മുന്‍ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ (Salman Butt). ഇന്ത്യക്ക് പരമ്പര നഷ്ടമായതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്. ബാറ്റിസ്മാന്മാരുടെ മോശം പ്രകടനമാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ''പരമ്പരയിലെ സമീപിനത്തെ കുറിച്ച് ടീം ഇന്ത്യ വീണ്ടും ചിന്തിക്കേണ്ടതുണ്ട്. ഫോമിലുള്ള താരങ്ങള്‍ക്ക് പകരം അജിന്‍ക്യ രാഹനെ, ചേതേശ്വര്‍ പൂജാര എന്നിവരെ കളിപ്പിച്ചു. പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഫോമില്ലാത്ത താരങ്ങളെ കളിപ്പിച്ചതെന്തിനെന്ന് മനസിലാകുന്നില്ല. മാത്രമല്ല, അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് താരങ്ങളുടെ ഫോം ചോദ്യചിഹ്നമായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍  കാര്യങ്ങള്‍ ഇന്ത്യക്ക് പ്രതികൂലമാക്കിയത്.

രോഹിത് ശര്‍മ ടീമിലുള്ളപ്പോള്‍ കോലി മികച്ച പ്രകടനം പുറത്തെടിത്തിരുന്നു. ഇരുവര്‍ക്കും ഇന്ത്യയുടെ ബാറ്റിംഗ് പോരായ്മകള്‍ മറയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാലിവിടെ രോഹിത്തില്ല. പരമ്പരയില്‍ കോലി ഭേദപ്പെട്ട ഫോമിലായിരുന്നു. എന്നാല്‍ വലിയ സ്‌കോറുകള്‍ നേടാനായില്ല. അതുകൊണ്ടുതന്നെ മറ്റുതാരങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.'' സല്‍മാന്‍ ബട്ട് കുറ്റപ്പെടുത്തി.

പരമ്പര 2-1നാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ കീഗന്‍ പീറ്റേഴ്‌സണായിരുന്നു പരമ്പരയിലെ താരം. മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളര്‍മാരെ ഏറെ ബുദ്ധിമുട്ടിച്ചതും കീഗനായിരുന്നു. ബൗളര്‍മാരായ കഗിസോ റബാദ, മാര്‍കോ ജാന്‍സണ്‍ എന്നിവര്‍ പരമ്പര നേട്ടം എളുപ്പമാക്കി.

click me!