SA vs IND : ആദ്യ ബോള്‍ തന്നെ സിക്‌സടിക്കണമെന്ന് ശപഥമെടുത്തപോലെ; വിമര്‍ശനവുമായി മുന്‍ പാക് താരം

By Web TeamFirst Published Jan 25, 2022, 6:52 PM IST
Highlights

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് ശ്രമിച്ചാണ് പന്ത് പുറത്താകുന്നത്. മുമ്പും ഇത്തരത്തില്‍ പന്ത് പുറത്തായിട്ടുണ്ട്. ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്നിംഗ്‌സിലും പന്ത് ഇത്തരത്തിലാണ് പുറത്തായത്. 
 

ഇസ്ലാമാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) മൂന്നാം ഏകദിനത്തില്‍ റിഷഭ് പന്തിന്റെ (Rishabh Pant) പുറത്താകല്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് ശ്രമിച്ചാണ് പന്ത് പുറത്താകുന്നത്. മുമ്പും ഇത്തരത്തില്‍ പന്ത് പുറത്തായിട്ടുണ്ട്. ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്നിംഗ്‌സിലും പന്ത് ഇത്തരത്തിലാണ് പുറത്തായത്. 

ഇപ്പോള്‍ പന്തിന്റെ ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ (Pakistan ) ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് (Salman Butt). കടുത്ത വിമര്‍മശനമാണ് ബട്ടിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ''20-25 റണ്‍സ് പോലും താരം ഈ കളിയില്‍ സംഭാവന ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു മല്‍സരം വിജയിക്കാമായിരുന്നു. മോശമല്ലാത്ത റണ്‍റേറ്റിലായിരുന്നു ഇന്ത്യന്‍ ഇന്നിങ്സ് അപ്പോള്‍ മുന്നോട്ടുപോയത്. ഒരു ബോളില്‍ ഒരു റണ്‍സെന്ന നിലയില്‍ ചേസ് ചെയ്താല്‍ പോലും ഇന്ത്യക്കു ജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ പന്ത് പാടെ നിരാശപ്പെടുത്തി. പുറത്തായ രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. 

പന്ത് മികച്ച ഫോമിലാണ്. എന്നാല്‍ ക്രീസിലെത്തിയാല്‍  ആദ്യത്തെ ബോളില്‍ തന്നെ പുറത്തേക്കിറങ്ങി ഷോട്ട് കളിക്കുമെന്നു ശപഥമെടുത്തതുപോലെയാണ് അവന്‍ കളിക്കുന്നത്. ആദ്യത്തെ ബോളില്‍ തന്നെ അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന് ഭാവനയില്‍ കണ്ടാണോ റിഷഭ് എത്തുന്നതെന്നും അറിയില്ല.'' ബട്ട് നിരീക്ഷിച്ചു. 

സെലക്ഷനിലെ പ്രശ്‌നങ്ങളാണ് തോല്‍വിക്ക് കാരണമെന്നും ബട്ട് പറഞ്ഞു. ''ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും അവരുടെ 50-60 സ്‌കോറുകള്‍ സെഞ്ച്വറിയിലേക്കു മാറ്റാന്‍ സാധിച്ചില്ല. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതു തന്നെയായിരുന്നു. ഇന്ത്യന്‍ ബൗളിങിന് വേഗതയും കുറവായിരുന്നു.'' അദ്ദേഹം തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുണ്ടായിരുന്നത്. ടെസ്റ്റ് പരമ്പരയാവട്ടെ 2-1നും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

click me!