SA vs IND: രഹാനെ പൂജ്യത്തിന് പുറത്ത്, പൂജാരയും മടങ്ങി; വാണ്ടറേഴ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ച

Published : Jan 03, 2022, 05:24 PM ISTUpdated : Jan 03, 2022, 05:33 PM IST
SA vs IND: രഹാനെ പൂജ്യത്തിന് പുറത്ത്, പൂജാരയും മടങ്ങി; വാണ്ടറേഴ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ച

Synopsis

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ നായകനായി ആദ്യ ടെസ്റ്റിനിറങ്ങിയ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സടിച്ചു. രാഹുല്‍ പ്രതിരോധിച്ചു നിന്നപ്പോള്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത് മായങ്ക് ആയിരുന്നു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍SA vs IND) ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിലാണ്. 49 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 10 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(Mayank Agarwal), ചേതേശ്വര്‍ പൂജാര(Cheteshwar Pujara), അജിങ്ക്യാ രഹാനെ(Ajinkya Rahane), എന്നിവരുടെ വിക്കറ്റുകള്‍ ലഞ്ചിന് മുമ്പും ഹനുമാ വിഹാരിയുടെ(Hanuma Vihari) വിക്കറ്റ് ലഞ്ചിനുശേഷവും ഇന്ത്യക്ക് നഷ്ടമായി.

തുടക്കം ഗംഭീരം, പിന്നെ കൂട്ടത്തകര്‍ച്ച

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ നായകനായി ആദ്യ ടെസ്റ്റിനിറങ്ങിയ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സടിച്ചു. രാഹുല്‍ പ്രതിരോധിച്ചു നിന്നപ്പോള്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത് മായങ്ക് ആയിരുന്നു. എന്നാല്‍ 26 റണ്‍സെടുത്ത മായങ്കിനെ മാര്‍ക്കോ ജാന്‍സണ്‍ വിക്കറ്റ് കീപ്പര്‍ വെറേനെയുടെ കൈളിലെത്തിച്ചതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.

വീണ്ടും വീണ്ടും നിരാശപ്പെടുത്തി പൂജാര, രഹാനെ

മായങ്കിന് പകരമെത്തിയ ചേതേശ്വര്‍ പൂജാര 33 പന്തുകള്‍ തടുത്തിട്ടെങ്കിലും മൂന്ന് റണ്‍സുമായി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ ഒലിവറിന്‍റെ പന്തില്‍ ബാറ്റുവെച്ച രഹാനെ സ്ലിപ്പില്‍ ബാവുമക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ അജിങ്ക്യാ രഹാനെക്ക് ഒരു പന്തിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളു. ഒലിവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഗള്ളിയില്‍ കീഗാന്‍ പീറ്റേഴ്സണ് ക്യാച്ച് നല്‍കി രഹാനെയും മടങ്ങിയതോടെ ഇന്ത്യ 49-3ലേക്ക് കൂപ്പുകുത്തി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ചാണ് രഹാനെയും പൂജാരയും പുറത്തായത്.

രക്ഷാപ്രവര്‍ത്തനവുമായി രാഹുലും വിഹാരിയും

കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെയും കോലിയുടെ പകരക്കാരനായി എത്തിയ ഹനുമാ വിഹാരിയുടെയും അവസരോചിത ബാറ്റിംഗായിരുന്നു. തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന രാഹുല്‍ പതുക്കെ ഗിയര്‍ മാറ്റിയതോടെ ഇന്ത്യ സ്കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. വിഹാരിയും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി. എന്നാല്‍ സ്കോര്‍ 91ല്‍ നില്‍ക്കെ വിഹാരിയെ വീഴ്ത്തി കാഗിസോ റബാഡ ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. നേരത്തെ വിഹാരി നല്‍കിയ ക്യാച്ച് ബാവുമ നിലത്തിട്ടിരുന്നു. എന്നാല്‍ ഇത്തവണ വിഹാരിയെ വാന്‍ഡര്‍ ഡസ്സന്‍ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി.

കോലിയില്ലാതെ ഇന്ത്യ

വാണ്ടറേഴ്‌സില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ നായകന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കോലി അടുത്ത ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ടോസ് വേളയില്‍ വ്യക്തമാക്കി. കോലിക്ക് പകരം ഹനുമാ വിഹാരി പ്ലേയിംഗ് ഇലവനിലെത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.  

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ജയിച്ചാല്‍ പരമ്പര, ചരിത്രം

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. സെഞ്ചൂറിയനിൽ ചരിത്രത്തിലാദ്യമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്. കെ എല്‍ രാഹുലിന്‍റെ സെ‌‌ഞ്ചുറിക്കരുത്തിനൊപ്പം (123 റണ്‍സ്) ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ പേസ് മൂര്‍ച്ചയും ഇന്ത്യക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.  

വാണ്ടറേഴ്‌സിൽ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും. 1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ മഴവില്‍ രാഷ്‌ട്രത്തിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചിരവൈരികൾ ഏറ്റുമുട്ടും, ടീമിന് നിർദേശം നൽകി പാക് സർക്കാർ, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും
പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍