
ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹന്നസ്‌ബര്‍ഗില്‍ (The Wanderers Stadium Johannesburg) ചരിത്ര പരമ്പര വിജയം തേടി രണ്ടാം ടെസ്റ്റിനിറങ്ങിയ (South Africa vs India, 2nd Test) ടീം ഇന്ത്യക്ക് (Team India) ആദ്യ വിക്കറ്റ് നഷ്‌ടം. 37 പന്തില്‍ 26 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ (Mayank Agarwal) മാര്‍കോ ജാന്‍സന്‍ പുറത്താക്കി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 40-1 എന്ന നിലയിലാണ് ഇന്ത്യ. നായകന്‍ കെ എല്‍ രാഹുലിനൊപ്പം (KL Rahul) 10* ചേതേശ്വര്‍ പൂജാരയാണ് (Cheteshwar Pujara) 3* ക്രീസില്‍.
കോലിയില്ലാതെ ഇന്ത്യ
വാണ്ടറേഴ്‌സില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ നായകന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കോലി അടുത്ത ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ടോസ് വേളയില്‍ വ്യക്തമാക്കി. കോലിക്ക് പകരം ഹനുമാ വിഹാരി പ്ലേയിംഗ് ഇലവനിലെത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ജയിച്ചാല്‍ പരമ്പര, ചരിത്രം
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. സെഞ്ചൂറിയനിൽ ചരിത്രത്തിലാദ്യമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്. കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിക്കരുത്തിനൊപ്പം (123 റണ്‍സ്) ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ പേസ് മൂര്‍ച്ചയും ഇന്ത്യക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.
വാണ്ടറേഴ്‌സിൽ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും. 1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ മഴവില്‍ രാഷ്‌ട്രത്തിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!