Latest Videos

SA vs IND: സ്വന്തം കാര്യം മാത്രം നോക്കുന്നൊരു ക്യാപ്റ്റന്‍, എല്‍ഗാറെ സ്ലെഡ്ജ് ചെയ്ത് ഇന്ത്യന്‍ താരങ്ങള്‍

By Web TeamFirst Published Jan 6, 2022, 5:33 PM IST
Highlights

അശ്വിന്‍റെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയോ എന്ന് സംശയിച്ച പീറ്റേഴ്സണ്‍ റിവ്യു എടുക്കണോ എന്നറിയാനായി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറെ നോക്കിയെങ്കിലും അനുകൂലമായിരുന്നില്ല അദ്ദേഹത്തിന്‍റെ മറുപടി. ഇതോടെ റിവ്യു എടുക്കാതെ പീറ്റേഴ്സണ്‍ ക്രീസ് വിട്ടു.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ആര് ജയിക്കുമെന്നറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മഴ മൂലം നാലാം ദിവസത്തെ കളി തുടങ്ങാനാവാത്തത് ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഒന്നര ദിവസം ഇനിയും ശേഷിക്കെ ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് 122 റണ്‍സും ഇന്ത്യക്ക് എട്ടു വിക്കറ്റും വേണം.

എന്നാല്‍ മൂന്നാം ദിനം ഇരു ടീമുകളും കൊണ്ടു കൊടുത്തും മുന്നേറിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ വാക് പോരിലും കട്ടക്ക് ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ മാര്‍ക്കോ ജാന്‍സണെ(Marco Jansen) ബൗണ്‍സറുകള്‍ കൊണ്ട് വിറപ്പിച്ച ജസ്പ്രീത് ബുമ്രയെ(JAsprit Bumrah) മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയപ്പോള്‍ അതേ നാണയത്തില്‍ ജാന്‍സണ്‍ മറുപടി നല്‍കി. ഇത് ഇരുവരും തമ്മില്‍ വാക് പോരിലെത്തിക്കുകയും ചെയ്തു. റിഷഭ്(Rishabh Pant) പന്ത് നേരിട്ട മൂന്നാം പന്തില്‍ വമ്പനടിക്ക് ശ്രമിച്ച് പുറത്തായപ്പോള്‍ റാസി വാന്‍ഡര്‍ ഡസ്സനും പന്തിനെ കളിയാക്കി.

ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്ക ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളും വായടച്ചില്ല. വിക്കറ്റിന് പിന്നില്‍ പതിവുപോലെ റിഷഭ് പന്ത് ബാറ്റര്‍മാരെ പ്രകോപിപ്പിച്ചുകൊണ്ടേ ഇരുന്നപ്പോള്‍ സ്വതവേ ശാന്തശീലനായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനെയും(Dean Elgar) ഇന്ത്യന്‍ കളിക്കാര്‍ വെറുതെവിട്ടില്ല.

എല്‍ഗാറും കീഗാന്‍ പീറ്റേഴ്സണും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയായി വളരുന്നതിനിടെ അശ്വിന്‍ പീറ്റേഴ്സണെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യക്ക് ആശ്വാസം നല്‍കി. അശ്വിന്‍റെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയോ എന്ന് സംശയിച്ച പീറ്റേഴ്സണ്‍ റിവ്യു എടുക്കണോ എന്നറിയാനായി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറെ നോക്കിയെങ്കിലും അനുകൂലമായിരുന്നില്ല അദ്ദേഹത്തിന്‍റെ മറുപടി. ഇതോടെ റിവ്യു എടുക്കാതെ പീറ്റേഴ്സണ്‍ ക്രീസ് വിട്ടു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളിലൊരാള്‍ ഡീന്‍ എല്‍ഗാറെ പരഹസിക്കുന്ന കമന്‍റ് പറഞ്ഞത്. ഇത് സ്റ്റംപ് മൈക്ക് വ്യക്തമായി പിടിച്ചെടുക്കുകയും ചെയ്തു.

I loved the way rishab pant said this during the match when petersen got out😅😂🤣😂😂😂🤣😂😂 pic.twitter.com/vqeEIlT3xG

— Charan Donekal (@CDonekal)

വീഡിയോയില്‍ ഹിന്ദിയിലുള്ള ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ എന്നതിനാല്‍ ആരാണ് കമന്‍റ് പറഞ്ഞതെന്ന് വ്യക്തമല്ല. മികച്ച ക്യാപ്റ്റനാണ് ഇയാള്‍, സ്വന്തം കാര്യം മാത്രം നോക്കുന്ന ആള്‍, എന്നായിരുന്നു ഇന്ത്യന്‍ താരങ്ങളിലൊരാള്‍ ഹിന്ദിയില്‍ എല്‍ഗാറിനെക്കുറിച്ച് പറഞ്ഞത്. റിവ്യു എടുക്കണോ എന്ന കാര്യത്തില്‍ പീറ്റേഴ്സണ് അനുകൂലമായി മറുപടി നല്‍കാത്തതിനെ പരമാര്‍ർശിച്ചായിരുന്നു ഈ കമന്‍റ്. എന്നാല്‍ പിന്നീട് റീപ്ലേകളില്‍ റിവ്യു എടുത്തിരുന്നെങ്കിലും പീറ്റേഴ്സണ്‍ ഔട്ടാവുമായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു.

click me!