SA vs IND : 'കെ എല്‍ രാഹുലിന്റെ പരമാവധി അദ്ദേഹം ചെയ്തു'; ക്യാപ്റ്റന്‍സി വിമര്‍ശനങ്ങള്‍ക്കെതിരെ വിരാട് കോലി

By Web TeamFirst Published Jan 11, 2022, 8:08 PM IST
Highlights

വിരാട് കോലിക്ക് (Virat Kohli) പരിക്കേറ്റപ്പോഴാണ് രാഹുല്‍ ക്യാപ്റ്റനായിത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 34-ാം ക്യാപ്റ്റനായിരുന്നു രാഹുല്‍. എന്നാല്‍ രാഹുലിന്റെ കീഴില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.
 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) രണ്ടാം ടെസ്റ്റില്‍ കെ എല്‍ രാഹുലാണ് (K L Rahul) ഇന്ത്യയെ നയിച്ചിരുന്നത്. വിരാട് കോലിക്ക് (Virat Kohli) പരിക്കേറ്റപ്പോഴാണ് രാഹുല്‍ ക്യാപ്റ്റനായിത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 34-ാം ക്യാപ്റ്റനായിരുന്നു രാഹുല്‍. എന്നാല്‍ രാഹുലിന്റെ കീഴില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതോടെ പരമ്പര 1-1ലെത്തിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. കോലിയുടെ അഭാവം അറിയാനുണ്ടായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ പലര്‍ക്കും മതിപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കോലി. രാഹുലിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരാമവധി ചെയ്തുവെന്നാണ് കോലി പറയുന്നത്. ''രാഹുല്‍ സമചിത്തതയോടെയാണ് കാര്യങ്ങള്‍ ചെയ്തത്. രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റെടുക്കാനും പദ്ധതികളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക മനോഹരമായി കളിച്ചു. സാഹചര്യം അവര്‍ക്ക് അനുകൂലമായിരുന്നു. ഇതില്‍ കൂടുതലൊന്നും ഒരു ക്യാപ്റ്റന് ചെയ്യാന്‍ കഴിയുമായിരുന്നില്ല.

പല നായകര്‍ക്കും ടീമിനെ നയിക്കാന്‍ വ്യത്യസ്തമായ വഴികളുണ്ടാവും. എനിക്കും മറ്റൊരു വഴിയാണ്. വിക്കറ്റുകള്‍ വീഴ്ത്തുകയെന്നായിരുന്നു എന്റെ ലക്ഷ്യം.'' കോലി വ്യക്തമാക്കി. തന്റെ ഫോമിനെ കുറിച്ചും കോലി സംസാരിച്ചു. ''എന്റെ കരിയറില്‍ പലപ്പോഴായി ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തിലും എനിക്ക് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സ്‌പോര്‍ട്‌സില്‍ എപ്പോഴും കാര്യങ്ങള്‍ അനുകൂലമായിരിക്കണമെന്നില്ല. എന്നാല്‍ ടീം ആവശ്യപ്പെട്ടപ്പോഴെല്ലാം എനിക്ക് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.'' കോലി പറഞ്ഞു.

കോലി ക്യാപ്റ്റനായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു. കോലിക്ക് കീഴില്‍ വിദേശത്ത് മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. മൂന്നാം ടെസ്റ്റില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കാം.

click me!