SA vs IND: ഹീറോ ആയി ഷമി, സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ലീഡ്

By Web TeamFirst Published Dec 28, 2021, 10:43 PM IST
Highlights

272-3 എന്ന ശക്തമായ സ്കോറില്‍ മൂന്നാം ദിനം ഇന്ത്യയെ 327 റണ്‍സിന് പുറത്താക്കിയതിന്‍റെ ആവശേത്തില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ പേസ് കരുത്തില്‍ ഇന്ത്യ എറിഞ്ഞൊതുക്കി. ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ ഡീല്‍ എല്‍ഗാറെ പുറത്താക്കി ജസ്പ്രീത് ബുമ്ര തുടങ്ങിവെച്ചത് മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഷര്‍ദ്ദുല്‍ ഠാക്കൂറും ചേര്‍ന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിന് 197 റണ്‍സില്‍ തിരശീല വീണു.

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍(SA vs IND) ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ ഒന്നാം ഇന്നിംഗ്സില്‍ 327 റണ്‍സിന് പുറത്തായതിന്‍റെ നിരാശ തീര്‍ത്ത് പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയെ 197 റണ്‍സില്‍ എറിഞ്ഞൊതുക്കി. 130 റണ്‍സിന്‍റെ മികച്ച ലീഡ് സ്വന്തമാക്കിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് റണ്‍സോടെ കെ എല്‍ രാഹുലും(KL )Rahul) നാലു റണ്ണുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും(Shardul Thakur) ക്രീസില്‍. നാലു റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റാണ്(Mayank Agarwal ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് വിക്കറ്റും രണ്ടു ദിവസവും ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 146 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. സ്കോര്‍ ഇന്ത്യ 327, 16-1, ദക്ഷിണാഫ്രിക്ക 197.

ഷമിയാണ് ഹീറോ

272-3 എന്ന ശക്തമായ സ്കോറില്‍ മൂന്നാം ദിനം ഇന്ത്യയെ 327 റണ്‍സിന് പുറത്താക്കിയതിന്‍റെ ആവശേത്തില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ പേസ് കരുത്തില്‍ ഇന്ത്യ എറിഞ്ഞൊതുക്കി. ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ ഡീല്‍ എല്‍ഗാറെ പുറത്താക്കി ജസ്പ്രീത് ബുമ്ര തുടങ്ങിവെച്ചത് മുഹമ്മദ് ഷമിയും(Mohammed Shami) മുഹമ്മദ് സിറാജും ഷര്‍ദ്ദുല്‍ ഠാക്കൂറും ചേര്‍ന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിന് 197 റണ്‍സില്‍ തിരശീല വീണു. 52 റണ്‍സെടുത്ത ടെംബാ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.

ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ തുടക്കത്തിലെ 32-4ലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയെ ക്വിന്‍റണ്‍ ഡീ കോക്ക്(34)-ബാവുമ സഖ്യമാണ് 100 കടത്തിയത്. ലഞ്ചിനുശേഷം ബുമ്ര പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും ഷമി ഹീറോ ആയതോടെ ഇന്ത്യ ആ കുറവ് അറിഞ്ഞില്ല. എല്‍ഗാറിന് പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെയും(13), കീഗാന്‍ പീറ്റേഴ്സണെയും(15) മടക്കി ഷമി ഏല്‍പ്പിച്ച ഇരട്ടപ്രഹരം ദക്ഷിണാഫ്രിക്കയെ തളര്‍ത്തി. വാന്‍ഡര്‍  ഡസ്സനെ(3) സിറാജും വീഴ്ത്തിയതോടെ തല തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ബാവുമയും ഡീകോക്കും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ട് 100 കടത്തി.

എന്നാല്‍ പാര്‍ട്ണര്‍ഷിപ്പുകള്‍ തകര്‍ക്കുന്നതില്‍ മികവ് കാട്ടാറുള്ള ഷര്‍ദ്ദുലിനെ പന്തേല്‍പ്പിച്ച കോലിയുടെ തീരുമാനം പിഴച്ചില്ല. നിലയുറപ്പിച്ചെന്ന് കരുചി ഡീ കോക്കിനെ ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ ഠാക്കൂര്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക വീണ്ടും തകര്‍ച്ചയിലായി. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ബാവുമയെയും(52) മുള്‍ഡറെയും(12), പൊരുതി നോക്കിയ റബാദയെയും(25) ഷമി മടക്കി അഞ്ച് വിക്കറ്റ് തികച്ചതിനൊപ്പം ടെസ്റ്റ് കരിയറില്‍ 200-വിക്കറ്റെന്ന നാഴികക്കല്ലും ഷമി പിന്നിട്ടു.

ബുമ്ര റിട്ടേണ്‍സ്

മാര്‍ക്കൊ ജോന്‍സണെ(19) ഠാക്കൂര്‍ മടക്കിയതിന് പിന്നാലെ വീണ്ടും പന്തെറിയാനെത്തിയ ബുമ്ര കേശവ് മഹാരാജിന്‍റെ(12) പ്രതിരോധം പൊളിച്ച് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി. ഇന്ത്യക്കായി ഷമി 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബുമ്രയും ഠാക്കൂറും രണ്ട് വീതവും സിറാജ് ഒരു വിക്കറ്റുമെടുത്തു.

നേരത്തെ ലുംഗി എന്‍ഗിഡിയുടെ (Lungi Ngidi) ആറ് വിക്കറ്റ് പ്രകടനമാണ് മൂന്നാംദിനം ഇന്ത്യയെ തകര്‍ത്തത്. കാഗിസോ റബാദ (Kagiso Rabada) മൂന്ന് വിക്കറ്റ് വീഴ്ത്തി. 123 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്നിന് 272 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകല്‍ കേവലം 55 റണ്‍സിന് നഷ്ടമായി.

click me!