
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) പുറത്താക്കലുകളില്‍ പുതിയ ഇന്ത്യന്‍ റെക്കോര്‍ഡിട്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്(Rishabh Pant). ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 100 പേരെ പുറത്താക്കുന്നതില്‍ പങ്കാളിയായ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ റിഷഭ് പന്ത് കൈപ്പിടിയിലൊതുക്കിയത്.
മുഹമ്മദ് ഷമിയുടെ പന്തില്‍ ടെംബാ ബാവുമയെ കൈയിലൊതുക്കിയാണ് റിഷഭ് പന്ത് റെക്കോര്‍ഡ് നേട്ടത്തിലേക്ക് അതിവേഗം എത്തിയത്. കേവലം 26 ടെസ്റ്റില്‍ നിന്നാണ് റിഷഭ് പന്ത് 100 ഇരകളെ സ്വന്തമാക്കിയത്. 36 ടെസ്റ്റുകളില്‍ 100 പുറത്താക്കലുകളില്‍ പങ്കാളിയായ എം എസ് ധോണിയുടെയും(MS Dhoni) വൃദ്ധിമാന്‍ സാഹയുടെയും(Wriddhiman Saha) പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പന്ത് പിന്നിലാക്കിയത്.
39 ടെസ്റ്റുകളില്‍ 100 ഇരകളെ കണ്ടെത്തിയ കിരണ്‍ മോറെ, 41 ടെസ്റ്റുകളില്‍ 100 പുറത്താക്കലുകളില്‍ പങ്കാളിയായ നയന്‍ മോംഗിയ എന്നിവര്‍ റിഷഭ് പന്തിന് ഏറെ പിന്നിലാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ഇപ്പോഴും ധോണിയുടെ പേരിലാണ്. 294 പേരെയാണ് ധോണി ടെസ്റ്റില്‍ പുറത്താക്കിയത്.
സയ്യിദ് കിര്‍മാനി(198), കിരണ്‍ മോറെ(130), നയന്‍ മോംഗിയ(107), വൃദ്ധിമാന്‍ സാഹ(104) എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. ഇതില്‍ മോംഗിയയെയും സാഹയെയും ഈ പരമ്പരയില്‍ തന്നെ പന്ത് പിന്നിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെഞ്ചുറിയന്‍ ടെസ്റ്റില്‍ ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറെ കൈയിലൊതുക്കിയാണ് പന്ത് ഇരപിടുത്തം തുടങ്ങിയത്. പിന്നീട് ടെംബാ ബാവുമയെയും വിയാന്‍ മുള്‍ഡറെയും പന്ത് വിക്കറ്റിന് പിന്നില്‍ ഗ്ലൗസിലൊതുക്കി.