
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടം സ്വപ്നം കണ്ട് സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ (SA vs IND)ഇന്ത്യക്ക് ആദ്യ ടെസ്റ്റിനിടെ തന്നെ തിരിച്ചടി. മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 327 റണ്‍സിന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടെങ്കിലും ബൗളിംഗിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര(Jasprit Bumrah ) മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ബൗളിംഗിനിടെ കാല്‍ക്കുഴ തെറ്റിയ ബുമ്ര മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ തന്‍റെ ആറാം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞശേഷമുള്ള ഫോളോ ത്രൂവിലാണ് ബുമ്രുടെ വലതു കാല്‍ക്കുഴ തിരിഞ്ഞത്. വേദനകൊണ്ട് നിലത്തിരുന്ന ബുമ്ര പിന്നീട് ടീം ഫിസിയോ നിതിന്‍ പട്ടേലിനൊപ്പം മുടന്തി മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. കാലില്‍ ആംഗിള്‍ സ്ട്രാപ്പും ടേപ്പും ചുറ്റിയാണ് ബുമ്ര ഡ്രസ്സിംഗ് റൂമില്‍ ഇരുന്നത്.
ബുമ്രയുടെ വലതു കാല്‍ക്കുഴയില്‍ വേദനയുണ്ടെന്നും ബുമ്രയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗിനിറങ്ങിയെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ബുമ്ര ദക്ഷിണാഫ്രിക്കയെ പേസ് കൊണ്ടും സീം കൊണ്ടും വിറപ്പിച്ചിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായന്‍ ഡീന്‍ എല്‍ഗാറിനെ വീഴ്ത്തിയ ബുമ്ര കൂടുതല്‍ അപകടകാരിയാകുമെന്ന് കരുതിയിരിക്കെയാണ് കാല്‍ക്കുഴക്ക് പരിക്കേറ്റ് മടങ്ങിയത്. മത്സരത്തില്‍ 5.5 ഓവര്‍ എറിഞ്ഞ ബുമ്ര 12 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
ബുമ്രയുടെ പരിക്ക് മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുമ്ര ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ ആരും ഭയക്കുന്ന ബൗളറാണ്. ഇന്ത്യക്കായി ഇതുവരെ 25 ടെസ്റ്റില്‍ 102 വിക്കറ്റെടുത്ത ബുമ്ര അതിവേഗം 100 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ഇന്ത്യന്‍ പേസറാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!