SA vs IND : എന്തുകൊണ്ട് നാലാം നമ്പറില്‍ കളിക്കുന്നു? ചോദ്യത്തിന് മറുപടിയുമായി റിഷഭ് പന്ത്

By Web TeamFirst Published Jan 22, 2022, 4:38 PM IST
Highlights

ആദ്യ ഏകദിനത്തില്‍ 16 റണ്‍സ് മാത്രമാണ്  പന്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ 85 റണ്‍സുമായി ടീമിന്റെ നട്ടെല്ലായി. സാധാരണ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് (Surykumar Yadav) അല്ലെങ്കില്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരില്‍ ആരെങ്കിലുമാണ് കളിക്കാറ്.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും റിഷഭ് പന്ത് (Rishabh Pant) നാലാമനായിട്ടാണ് ക്രീസിലെത്തിയത്. ആദ്യ ഏകദിനത്തില്‍ 16 റണ്‍സ് മാത്രമാണ്  പന്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ 85 റണ്‍സുമായി ടീമിന്റെ നട്ടെല്ലായി. സാധാരണ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് (Surykumar Yadav) അല്ലെങ്കില്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരില്‍ ആരെങ്കിലുമാണ് കളിക്കാറ്. അടുത്തിടെ കെ എല്‍ രാഹുലും നാലാം നമ്പറില്‍ കളിച്ചിരുന്നു.

എന്നാല്‍ പന്തിന്റെ മിന്നുന്ന പ്രകടനം ടീം മാനേജ്‌മെന്റിനെ മാറ്റി ചിന്തിപ്പിച്ചേക്കാം. എന്നാലിപ്പോള്‍ നാലാം നമ്പറില്‍ കളിപ്പിക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് പന്ത്. ''മധ്യ ഓവറുകളില്‍ ഇടംകയ്യന്‍ ബാറ്റ്സ്മാന് കളിക്കാനായാല്‍ സ്ട്രൈക്ക് കൈമാറാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് വിലയിരുത്തിയാണ് എന്നെ നാലാം സ്ഥാനത്തിറക്കാന്‍ തീരുമാനിച്ചത്. തന്റെ ഷോട്ട് സെലക്ഷനെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ ടീമിനുള്ളില്‍ നടന്നിരുന്നു. എല്ലാ തരത്തിലുള്ള ഷോട്ടുകളും എനിക്ക് കളിക്കാന്‍ സാധിക്കും.

അതെല്ലാം എങ്ങനെ ക്ഷമയോടും സാഹചര്യത്തിന് ഇണങ്ങുന്ന വിധവും കളിക്കാമെന്നുള്ളത് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. ലെഗ് സ്പിന്നറോ ഇടംകയ്യന്‍ സ്പിന്നറോ ഉണ്ടെങ്കില്‍ മധ്യനിരയില്‍ ഇടംകൈ-വലംകൈ കോമ്പിനേഷനില്‍ ബാറ്റ്സ്മാന്മാര്‍ക്ക് റണ്‍സ് കണ്ടെത്താനാവും. ടീമിനുള്ളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെല്ലാം കളിയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. '' പന്ത് പഞ്ഞു. 

ബൗളര്‍മാരെ കുറിച്ചും പന്ത് സംസാരിച്ചു. ''ഭുവനേശ്വര്‍ കുമാര്‍ ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫോമില്‍ ആശങ്കപ്പെടേണ്ടതില്ല. താളം കണ്ടെത്താന്‍ സമയമെടുക്കും. രണ്ട് ഏകദിനത്തിലേയും ശാര്‍ദുലിന്റെ ബാറ്റിങ് വലിയ പോസിറ്റീവായി. തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ചാണ് ടീം മുന്നോട്ട് പോകുന്നത്.'' പന്ത് പറഞ്ഞുനിര്‍ത്തി.

നാളെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യയുട മധ്യനിര താരങ്ങളായ ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍ ഫോമിലല്ലെന്നുള്ളതാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന പ്രശ്‌നം.

click me!