SA vs IND: കിംഗ് തിരിച്ചെത്തും; കേപ്‌ടൗണില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാര്‍ത്ത

Published : Jan 10, 2022, 05:21 PM IST
SA vs IND: കിംഗ് തിരിച്ചെത്തും; കേപ്‌ടൗണില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാര്‍ത്ത

Synopsis

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിക്കും മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐക്കും പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കുമെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയശേഷം കോലി ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്.  


കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്ന(South Africa vs India) ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. പരിക്കുമാറിയ ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli) മൂന്നാം ടെസ്റ്റില്‍ ടീമിനെ നയിക്കാനെത്തും. താന്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുവെന്നും എന്നാല്‍ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്(Mohammed Siraj) പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും വിരാട് കോലി മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിക്കും മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐക്കും(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കുമെതിരെ(Sourav Ganguly) വിവാദ പരാമര്‍ശങ്ങള്‍ നടത്തിയശേഷം കോലി ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. താന്‍ പൂര്‍ണമായും ഫിറ്റാണെന്ന് പറഞ്ഞ കോലി പേശിവലിവിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന സിറാജ് മൂന്നാം ടെസ്റ്റില്‍ കളിക്കാനുള്ള കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. 110 ശതമാനം ഫിറ്റല്ലാത്ത കളിക്കാരനെ കളിപ്പിച്ച് പരിക്ക് ഗുരുതരമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോലി പറഞ്ഞു.

എന്നാല്‍ സിറാജിന് പകരം അന്തിമ ഇലവനില്‍ ഇഷാന്ത് ശര്‍മയാണോ ഉമേഷ് യാദവാണോ കളിക്കുക എന്ന ചോദ്യത്തിന് കോലി വ്യക്തമായ മറുപടി നല്‍കിയില്ല. അവര്‍ രണ്ടുപേരും ബെഞ്ചിലിരിക്കുന്നത് ടീം മാനേജ്മെന്‍റിന് സുഖകരമായ തലവേദനയാണെന്നായിരുന്നു കോലിയുടെ പ്രതികരണം. സിറാജിന് പകരം ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡുമായും വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ ആരെ കളിപ്പിക്കണമെന്ന ആശയക്കുഴപ്പമുണ്ടെന്നും കോലി പറഞ്ഞു.

പുറംവേദനയെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതില്‍ തനിക്ക് മനസ്താപമുണ്ടെന്നും കോലി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ വാണ്ടറേഴ്സില്‍ കളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് മനസ്താപമുണ്ട്. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതും പുറമെ ഐപിഎല്ലും കൂടിയാവുമ്പോള്‍ ശാരീരിക അധ്വാനം കൂടുതുന്നുവെന്നും ഇത്തരം പരിക്കുകള്‍ നമ്മളൊരു മനുഷ്യനാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണെന്നും കോലി പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ പരിക്കുമൂലം എനിക്ക് കളിക്കാനാവില്ലെന്നത് എന്നെപ്പോലെ മറ്റു പലര്‍ക്കും വിശ്വസിക്കാനായില്ലെന്നും കോലി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം