SA vs IND: പൂജാരയുടെയും രഹാനെയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കോലി

By Web TeamFirst Published Jan 14, 2022, 8:19 PM IST
Highlights

രഹാനെയുടെയും പൂജാരയുടെയും കാര്യത്തില്‍ എനിക്ക് മറുപടി നല്‍കാനാവില്ല. കാരണം ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല. അത് ഞാന്‍ ഇവിടെയിരുന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യവുമല്ല. നിങ്ങള്‍ ഇക്കാര്യം സെലക്ടര്‍മാരോട് ചോദിക്കു. എവരുടെ മനസിലെന്താണെന്ന് അപ്പോള്‍ മനസിലാവും. അല്ലാതെ അത് എന്‍റെ ജോലിയല്ല-കോലി പറഞ്ഞു.

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര(SA vs IND) തോല്‍വിക്ക് പിന്നാലെ മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാരയുടെയും( Cheteshwar Pujara) അജിങ്ക്യാ രഹാനെയുടെയും(Ajinkya Rahane) കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli). ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് ടെസ്റ്റ് പരമ്പര കൈവിടാന്‍ കാരണമെന്ന് പറഞ്ഞ കോലി പൂജാരയുടെയും രഹാനെയുടെയും ഭാവി തീരുമാനിക്കുന്നത് തന്‍റെ ജോലിയല്ലെന്നും വ്യക്തമാക്കി. കേപ്‌ടൗണ്‍ ടെസ്റ്റിലെ തോല്‍വിക്കുശേഷം മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു കോലി.

പരമ്പരക്കു മുമ്പെ രഹാനെയുടെയും പൂജാരയുടെയും ഫോമിനെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ടീം മാനേജ്മെന്‍റ് ഇരു താരങ്ങളെയും പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് സ്വാകരിച്ചത്. മൂന്ന് ടെസ്റ്റിലും രഹാനെയും പൂജാരയും കളിക്കുകയും ചെയ്തു. ഒറു അര്‍ധസെഞ്ചുറി മാത്രമാണ് ഇരുവര്‍ക്കും നേടാനായത്. ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരണമെന്ന് കോലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

രഹാനെയുടെയും പൂജാരയുടെയും കാര്യത്തില്‍ എനിക്ക് മറുപടി നല്‍കാനാവില്ല. കാരണം ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല. അത് ഞാന്‍ ഇവിടെയിരുന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യവുമല്ല. നിങ്ങള്‍ ഇക്കാര്യം സെലക്ടര്‍മാരോട് ചോദിക്കു. എവരുടെ മനസിലെന്താണെന്ന് അപ്പോള്‍ മനസിലാവും. അല്ലാതെ അത് എന്‍റെ ജോലിയല്ല-കോലി പറഞ്ഞു.

മുമ്പ് പറഞ്ഞത് തന്നെ എനിക്ക് ഇവരുടെ കാര്യത്തില്‍ ഇപ്പോഴും പറയാനുള്ളു. ഇന്ത്യന്‍ ടീമിനായി ഇരുവരും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രണ്ടുപേരെയും ടീം മാനേജ്മെന്‍റ് പിന്തുണക്കുന്നു. രണ്ടാം ടെസ്റ്റില്‍ ഇരുവരും നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയത് നമ്മള്‍ കാണാതിരുന്നുകൂടാ. അതാണ് നമുക്ക് പൊരതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ബാറ്റിംഗ് പരാജയം വ്യക്തികളുടേത് മാത്രമായല്ല ടീമിന്‍റെതായാണ് ഞങ്ങള്‍ കണക്കിലെടുക്കുന്നത്. പക്ഷെ സെലക്ടര്‍മാരുടെ മനസില്‍ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ എനിക്ക് ഇപ്പോള്‍ അഭിപ്രായം പറയാനാവില്ല-കോലി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ രഹാനെ 48,20 എന്നിങ്ങനെ സ്കോര്‍ ചെയ്തപ്പോള്‍ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 0, 57 എന്നിങ്ങനെയായിരുന്നു രഹാനെയും സ്കോര്‍. മൂന്നാം ടെസ്റ്റിലും രഹാനെക്ക് രണ്ടക്കം കടക്കാനായില്ല. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ രഹാനെ 136 റണ്‍സടിച്ചപ്പോള്‍ പൂജാര നേടിയത് 124 റണ്‍സ് മാത്രമാണ്. ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിനുശേഷം ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിറം മങ്ങിയതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

click me!