
എഡ്ജ്ബാസറ്റണ്‍: ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് നേടിയ അത്ഭുത വിജയത്തെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം. സ്പെഷല്‍ ജയത്തോടെ ടെസ്റ്റ് പരമ്പര സമനിലയാക്കിയ ഇംഗ്ലണ്ടിനെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിനന്ദിച്ചു. അസാമാന്യ ഫോമിലുള്ള ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ബാറ്റിംഗിനെ അനായാസമാക്കിയെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ആധികാരിക ജയത്തിന് ഇംഗ്ലണ്ടിനെ സച്ചിന്‍ അഭിനന്ദിക്കുകയും ചെയ്തു.
ഈ വിജയത്തില്‍ ഇംഗ്ലീഷ് ബാറ്റര്‍മാരായ ജോ റൂട്ടിനെയും ജോണി ബെയര്‍സ്റ്റോയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ പറഞ്ഞു. രണ്ട് ഇന്നിംഗ്സിലും ജോണി ബെയര്‍സ്റ്റോ അവസരത്തിനൊത്ത് ഉയര്‍ന്ന് വെല്ലുവിളി ഏറ്റെടുത്ത് നടത്തിയ പ്രകടനത്തെ അഭിനന്ദിക്കുന്നുവെന്നും ജാഫര്‍ പറഞ്ഞു.
അസാമാന്യ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞു. 378 റണ്‍സ് പകുതി ദിവസം ബാക്കിയാക്കി ചേസ് ചെയ്ത് ജയിക്കാന്‍ ഇംഗ്ലണ്ട് കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നുവെന്നും അസര്‍ പറഞ്ഞു.