സച്ചിന് എല്ലാം അറിയാം, പക്ഷേ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല! സാമ്പത്തികാവസ്ഥയെ കുറിച്ച് വിനോദ് കാംബ്ലി

By Web TeamFirst Published Aug 17, 2022, 2:33 PM IST
Highlights

അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥ വളരെ മോശമാണെന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് വിവരിക്കുകയാണ് കാംബ്ലി.

മുംബൈ: ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കാന്‍ പോകുന്ന താരമെന്ന് പേരെടുത്ത ബാറ്ററായിരുന്നു വിനോദ് കാംബ്ലി. എന്നാല്‍ 2011ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച കാംബ്ലി 104 ഏകദിനങ്ങളും 17 ടെസ്റ്റുകളും മാത്രമാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. 1988ല്‍ ഹാരിസ് ഷീല്‍ഡ് ട്രോഫിയില്‍ സച്ചിനൊപ്പം 664 റണ്‍സ് കൂട്ടിചേര്‍ത്താണ് കാംബ്ലി ശ്രദ്ധിക്കപ്പെട്ടുന്നത്. ശാരദാശ്രമം വിദ്യാമന്ദറിന് വേണ്ടിയായിരുന്നു ഇരുവരുടേയും ഞെട്ടിപ്പിക്കുന്ന പ്രകടനം. വിരമിച്ചതിന് ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയുടെ പ്രധാന കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. 

എന്നാല്‍ അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥ വളരെ മോശമാണെന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് വിവരിക്കുകയാണ് കാംബ്ലി. ''ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് വരുമാന മാര്‍ഗം. എന്റെ കുടുംബത്തെ നിലനിര്‍ത്തുന്നത് ആ പണമാണ്. ഞാന്‍ ബോര്‍ഡിന് എന്നും കടപ്പെട്ടിരിക്കുന്നു. എന്റെ അവസ്ഥ നന്നായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കറിയാം. എന്നാല്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയുടെ ചുമതല അദ്ദേഹം എനിക്ക് നല്‍കിയിരുന്നു. സച്ചിന്‍ എന്റെ വളരെയടുത്ത സുഹൃത്താണ്. എനിക്ക് വേണ്ടി എപ്പോഴും സച്ചിന്‍ നിന്നിട്ടുണ്ട്.'' കാംബ്ലി പറഞ്ഞു. 

നേട്ടങ്ങള്‍ക്കരികെ ധവാനും രാഹുലും; സിംബാബ്‍വെയില്‍ പിറക്കാന്‍ സാധ്യതയുള്ള നാഴികക്കല്ലുകള്‍

മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായി വീണ്ടും സഹകരിക്കാന്‍ തയ്യാറാണെന്നും കാംബ്ലി പറഞ്ഞു. ''എനിക്ക് യുവതാരങ്ങളെ പരിശീലിപ്പിക്കാന്‍ ഇപ്പോഴും താല്‍പര്യമുണ്ട്. എനിക്കറിയാം മുംബൈ അമോല്‍ മസൂംദാറിനെ പ്രധാന കോച്ചായി നിലനിര്‍ത്തിയ കാര്യം. എന്നാല്‍ ഞാന്‍ എപ്പോഴും അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാണ്. എന്താവശ്യത്തിനും എന്നെ വിളിക്കാം. ഞാന്‍ മുമ്പും മുംബൈ ക്രിക്കറ്റ് അസോയിഷേനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവരെന്നെ സഹായിച്ചിട്ടുമുണ്ട്.'' കാംബ്ലി പറഞ്ഞു.

ടെസ്റ്റില്‍ നാല് ശതകങ്ങള്‍ സഹിതം 1084 റണ്‍സും ഏകദിനത്തില്‍ രണ്ട് സെഞ്ചുറികളോടെ 2477 റണ്‍സും കാംബ്ലി നേടി. 1991ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ താരം 2000 വരെ രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചു. അടുത്തകാലത്ത്, മുംബൈയിലെ ബാന്ദ്ര സൊസൈറ്റിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കാംബ്ലിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. 

സിംബാബ്‌വെക്കെതിരെ ഇഷാനില്ല, സഞ്ജു കളിക്കും! വെടിക്കെട്ട് ബാറ്റര്‍ അരങ്ങേറും- സാധ്യതാ ഇലവന്‍

അലക്ഷ്യമായി വാഹനമോടിച്ചത് അടക്കമുള്ള കുറ്റങ്ങളാണ് കാംബ്ലിക്ക് നേരെ ചുമത്തിയത്. അപകടശേഷം സ്ഥലത്തെ സുരക്ഷാ ജീവനക്കാരനും ചില താമസക്കാരുമായി കാംബ്ലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

click me!