നേട്ടങ്ങള്‍ക്കരികെ ധവാനും രാഹുലും; സിംബാബ്‍വെയില്‍ പിറക്കാന്‍ സാധ്യതയുള്ള നാഴികക്കല്ലുകള്‍

By Jomit JoseFirst Published Aug 17, 2022, 1:19 PM IST
Highlights

പരമ്പരയില്‍ 433 റണ്‍സ് നേടിയാല്‍ ഓപ്പണർ ശിഖർ ധവാന് രാജ്യാന്തര ക്രിക്കറ്റില്‍ 11000 റണ്‍സ് തികയ്ക്കാം

ഹരാരെ: സിംബാബ്‍വെ-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോർഡുകളും നാഴികകല്ലുകളും പരിശോധിക്കാം. നായകന്‍ കെ എല്‍ രാഹുലും ഉപനായകന്‍ ശിഖർ ധവാനും നേട്ടങ്ങള്‍ക്ക് അരികെയാണ്. 

പരമ്പരയില്‍ 433 റണ്‍സ് നേടിയാല്‍ ഓപ്പണർ ശിഖർ ധവാന് രാജ്യാന്തര ക്രിക്കറ്റില്‍ 11000 റണ്‍സ് തികയ്ക്കാം. 202 റണ്‍സ് കണ്ടെത്തിയാല്‍ ധവാന് ഹരാരെയില്‍ സിംബാബ്‍വെക്കെതിരെ കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാം. സഹ ഓപ്പണർ കെ എല്‍ രാഹുലും ഒരു സന്തോഷത്തിന് അരികെയാണ്. ഏകദിനത്തില്‍ 2000 റണ്‍സ് പൂർത്തിയാക്കാന്‍ രാഹുലിന് 366 കൂടി മതി. ക്യാച്ചുകളുടെ എണ്ണത്തിലും രാഹുലിനെ തേടിയൊരു നേട്ടമുണ്ട്. ഏഴ് ക്യാച്ചെടുത്താല്‍ രാഹുലിന് രാജ്യാന്തര ക്രിക്കറ്റില്‍ 100 എണ്ണം തികയ്ക്കാം. സമീപകാലത്ത് മികച്ച ഫോമിലുള്ള സിംബാബ്‍വെ താരം സിക്കന്ദർ റാസയെ കാത്തുമൊരു നാഴികക്കല്ലുണ്ട്. 290 റണ്‍സ് നേടിയാല്‍ റാസയുടെ രാജ്യാന്തര റണ്‍ സമ്പാദ്യം 6000 ആകും. അടുത്തിടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട റാസ തുടർച്ചയായ മത്സരങ്ങളില്‍ 135*, 117* എന്നീ സ്കോറുകള്‍ സ്വന്തമാക്കിരുന്നു.

ഓഗസ്റ്റ് 18, 20, 22 തിയതികളിലാണ് സിംബാബ്‍വെയില‍ ഇന്ത്യന്‍ ടീമിന്‍റെ ഏകദിന മത്സരങ്ങള്‍. മൂന്ന് ഏകദിനങ്ങള്‍ക്കും ഹരാരെ സ്പോർട്സ് ക്ലബാണ് വേദി. പ്രാദേശികസമയം രാവിലെ 9.15നും ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.45നുമാണ് മത്സരങ്ങള്‍ തുടങ്ങുക. 

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

സിംബാബ്‍വെക്കെതിരായ ആദ്യ ഏകദിനം നാളെ; മത്സരസമയവും കാണാനുള്ള വഴികളും അറിയാം

click me!