'അന്ന് അവസരത്തിനായി കേണപേക്ഷിച്ചു'; വെളിപ്പെടുത്തലുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

By Web TeamFirst Published Sep 26, 2019, 2:25 PM IST
Highlights

ഓപ്പണറായി ഇറങ്ങാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കേണപേക്ഷിക്കേണ്ടിവരിക. വിശ്വസിക്കാനാവുന്നില്ലല്ലേ, അങ്ങനെയൊരു സംഭവം സച്ചിന്‍റെ കരിയറിലുണ്ടായിട്ടുണ്ട്. 

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഓപ്പണറായി ഇറങ്ങാന്‍ കേണപേക്ഷിക്കേണ്ടിവരിക. വിശ്വസിക്കാനാവുന്നില്ലല്ലേ, അങ്ങനെയൊരു സംഭവം സച്ചിന്‍റെ കരിയറിലുണ്ടായിട്ടുണ്ട്. സച്ചിന്‍ തന്നെയാണ് ആ രഹസ്യത്തിന്‍റെ കെട്ടഴിച്ചത്. 1994ലെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഓക്‌ലന്‍ഡ് ഏകദിനത്തിന് മുന്‍പായിരുന്നു സച്ചിന്‍റെ കരിയര്‍ മാറ്റിമറിച്ച സംഭവം. 

ഓപ്പണറായി ഇറങ്ങി എതിര്‍ ബോളര്‍മാരെ നേരിടാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ അതിന് അവസരം ലഭിക്കാന്‍ യാചിക്കേണ്ടിയും കേണപേക്ഷിക്കേണ്ടിയും വന്നു. ഈ ഉദ്യമത്തില്‍ പരാജയപ്പെട്ടാല്‍ ഇനിയൊരിക്കലും ഇതേയാവശ്യവുമായി മുന്നില്‍വരില്ല എന്നും പറഞ്ഞു- സച്ചിന്‍ തന്‍റെ വീഡിയോയില്‍ വെളിപ്പെടുത്തി. 

മധ്യനിര ബാറ്റ്സ്‌മാനായി കരിയര്‍ തുടങ്ങിയ സച്ചിന്‍ പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണിംഗ് ബാറ്റ്സ്‌മാനായി മാറുകയായിരുന്നു. ഓപ്പണറായി മികച്ച റെക്കോര്‍ഡാണ് ഏകദിനത്തില്‍ സച്ചിനുള്ളത്. 340 ഇന്നിംഗ്‌സുകളില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ 45 സെഞ്ചുറികളും 15310 റണ്‍സും സ്വന്തമാക്കി. വിക്കറ്റ് കാത്തുസൂക്ഷിക്കാന്‍ ഓപ്പണര്‍മാരെ അയച്ചിരുന്ന കാലത്ത് തുടക്കംമുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു സച്ചിന്‍റെ ശൈലി. 

ഓപ്പണിംഗ് ബാറ്റ്സ്‌മാനായി 1994ല്‍ അരങ്ങേറുമ്പോള്‍ വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതായിരുന്നു എല്ലാ ടീമുകളുടെയും ഓപ്പണിംഗ് രീതി. എന്നാല്‍ താനതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഓക്‌ലന്‍ഡില്‍ കിവീസിനെതിരെ 49 പന്തില്‍ 82 റണ്‍സെടുത്തു. അതിനാല്‍ പിന്നീട് അവസരത്തിനായി കേണപേക്ഷിക്കേണ്ടിവന്നില്ല. എനിക്ക് ഓപ്പണറായി ഇറങ്ങാനായി. പരാജയത്തെക്കുറിച്ചുള്ള ഭയം ഒരിക്കലും ആവശ്യമില്ല എന്നും സച്ചിന്‍ പറയുന്നു.  

ഓപ്പണിംഗ് ബാറ്റ്സ്‌മാനായി ആദ്യ അഞ്ച് ഇന്നിംഗ്‌സിലും സച്ചിന്‍ മികവ് കാട്ടി. 82, 63, 40, 63, 73 എന്നിങ്ങനെയായിരുന്നു സച്ചിന്‍റെ സ്‌കോറുകള്‍. ഇതോടെ പിന്നീട് സച്ചിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന ഓമനപ്പേരുമായി റണ്‍മലകളും റെക്കോര്‍ഡുകളും താണ്ടുന്ന സച്ചിനെയാണ് പിന്നീട് ആരാധകര്‍ കണ്ടത്. 100 സെഞ്ചുറികള്‍ നേടിയ ഏക താരമെന്ന നേട്ടത്തിലെത്തി സച്ചിന്‍. ഏകദിനത്തില്‍ 463 മത്സരങ്ങളില്‍ 18,426 റണ്‍സ് സച്ചിന്‍ അടിച്ചെടുത്തു. 

click me!