റെക്കോര്‍ഡുകള്‍ തൂത്തുവാരിയിട്ടും സച്ചിന് രണ്ട് സങ്കടം ബാക്കി

By Web TeamFirst Published May 31, 2021, 11:08 AM IST
Highlights

കരിയറിലെ വലിയ നഷ്‌ടങ്ങളെന്തെന്ന് ചോദിച്ചാൽ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കുള്ളത് രണ്ടുത്തരം. 

മുംബൈ: ലോകക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും വിശേഷണങ്ങളും സ്വന്തം പേരിൽ ചേർത്തിട്ടും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുൽക്കർക്ക് രണ്ട് സങ്കടങ്ങൾ ബാക്കിയാണ്. രണ്ട് മഹാരഥൻമാർക്കൊപ്പം കളിക്കാൻ കഴിയാതിരുന്നതിന്റെ സങ്കടം.

രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയർ. 35000ത്തോളം അന്താരാഷ്‌ട്ര റൺസ്, 200 ടെസ്റ്റ്, 463 ഏകദിനം, നൂറ് അന്താരാഷ്‌ട്ര സെഞ്ചുറി, ലോക കിരീടം. കൊതിക്കുന്ന നേട്ടങ്ങളെല്ലാമുണ്ട് സച്ചിൻ ടെന്‍ഡുല്‍ക്കര്‍ക്ക്. എന്നാൽ കരിയറിലെ വലിയ നഷ്‌ടങ്ങളെന്തെന്ന് ചോദിച്ചാൽ സച്ചിനുളളത് രണ്ടുത്തരം.

ഒന്ന് തന്‍റെ ബാറ്റിംഗ് ഹീറോ സുനിൽ ഗാവസ്‌കറിനൊപ്പം കളിക്കാനായില്ല. സച്ചിൻ അരങ്ങറുന്നതിന് രണ്ട് വർഷം മുൻപ് ഗാവസ്‌കർ കളി നിർത്തിയിരുന്നു. ലിറ്റിൽ മാസ്റ്ററുടെ ടീമിലംഗമാവാനോ ഒപ്പം കളിക്കാനോ മാസ്റ്റർ ബ്ലാസ്റ്റർക്കായില്ല. തന്‍റെ എക്കാലത്തെയും വലിയ നഷ്ടമായി സച്ചിന്‍ ഇത് കാണുന്നു. 

ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായ വിവിയൻ റിച്ചാഡ്സിനെതിരെ കളിക്കാനായില്ല എന്നതാണ് രണ്ടാമത്തെ സങ്കടം. തന്‍റെ കുട്ടിക്കാല ഹീറോ ആയ റിച്ചാഡ്സ് ക്രിക്കറ്റിൽ സജീവമായ കാലത്തുതന്നെയായിരുന്നു അരങ്ങേറ്റമെന്ന് ഓർക്കുന്നു സച്ചിൻ. 1991ൽ മാത്രമാണ് റിച്ചാഡ്സ് വിരമിച്ചതെങ്കിലും ഇരുവരും നേർക്കുനേർ വന്ന മത്സരമുണ്ടായില്ല. 

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നിച്ചുകളിച്ചില്ലെങ്കിലും കൗണ്ടി ക്രിക്കറ്റിൽ ഇരുവരും എതിർ ടീമുകളിലുണ്ടായി. നഷ്ടങ്ങൾക്കിടയിലും അത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് പറയുന്നു സച്ചിൻ ടെന്‍ഡുൽക്കർ. 

ഇരുപത്തിനാല് വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്‍ 200 ടെസ്റ്റില്‍ 15921 റണ്‍സും 463 ഏകദിനത്തില്‍ 18426 റണ്‍സും അടിച്ചുകൂട്ടി. ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 ഉം സെഞ്ചുറികള്‍ പേരിലുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരമായപ്പോള്‍ ടെസ്റ്റില്‍ ആറ് ഇരട്ട ശതകങ്ങളും സച്ചിനുണ്ട്. ടെസ്റ്റില്‍ 46 ഉം ഏകദിനത്തില്‍ 154 വിക്കറ്റും അക്കൗണ്ടിലുണ്ട്. 

കോച്ചിനെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരെ കണ്ട് പഠിക്കൂ; പാക് ആരാധകരോട് വസിം അക്രം

ഏത് പിച്ചും അതിജീവിക്കാനുള്ള ടീം ഇന്ത്യക്കുണ്ട്; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ഗവാസ്‌കര്‍

ഇന്ത്യക്കെതിരായി പിച്ചൊരുക്കുമ്പോള്‍ പലതവണ ആലോചിക്കും; പേസ് യൂനിറ്റിനെ പ്രശംസിച്ച് ഷമി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!