Asianet News MalayalamAsianet News Malayalam

കോച്ചിനെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരെ കണ്ട് പഠിക്കൂ; പാക് ആരാധകരോട് വസിം അക്രം

പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് മാന്യമായ പരിഗണന കിട്ടില്ലെന്നാണ് അക്രം പറയുന്നത്. ഇക്കാരണം കൊണ്ടുതന്നെയാണ് അദ്ദേഹം പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാത്തതും.
 

Wasim Akram defines why he is not interested in Pak coach
Author
Karachi, First Published May 31, 2021, 12:05 AM IST

കറാച്ചി: 2003ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വസിം അക്രം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വിവിധ ടീമുകളുടെ പരിശീലകനായിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പാകിസ്ഥാന്റെ കോച്ചിംഗ് സ്റ്റാഫായിട്ട് പോലും അദ്ദേഹം വന്നിട്ടില്ല. എന്തുകൊണ്ട് കോച്ചാകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അക്രം. പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് മാന്യമായ പരിഗണന കിട്ടില്ലെന്നാണ് അക്രം പറയുന്നത്. ഇക്കാരണം കൊണ്ടുതന്നെയാണ് അദ്ദേഹം പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാത്തതും. അതോടൊപ്പം പരിശീലകരെ ബഹുമാനിക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യക്കാരെ കണ്ട് പഠിക്കണമെന്നും അക്രം. 

അക്രം വിശദീകരിക്കുന്നതിങ്ങനെ... ''പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസിനെതിരെ പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കടുത്ത പരിഹാസങ്ങളാണ് അവയെല്ലാം. പാകിസ്ഥാന്‍ ക്രിക്കറ്റ് പ്രേമികള്‍ കോച്ചുമാരെ പരിഹസിക്കുന്നതില്‍ നിന്ന് പിന്മാറണം. ഇക്കാര്യത്തില്‍ ഇവര്‍ ഇന്ത്യന്‍ ആരാധകരെ കണ്ട് പഠിക്കണം. അവര്‍ കോച്ചുമാരെ ബഹുമാനിക്കുന്നു. 

കളിക്കേണ്ടത് താരങ്ങളാണ്. പദ്ധതിയൊരുക്കുക മാത്രമാണ് കോച്ചുമാര്‍ ചെയ്യുന്നത്. ഫലം ജയമാണെങ്കിലും തോല്‍വിയാണെങ്കിലും കോച്ചുമാരെ ബഹുമാനിക്കാന്‍ പാക് ആരാധകര്‍ പഠിക്കണം. അവര്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് പാഠം ഉള്‍കൊള്ളണം.'' അക്രം പറഞ്ഞുനിര്‍ത്തി. 

പാകിസ്ഥാനായി 356 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള അക്രം 502 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 104 ടെസ്റ്റില്‍ നിന്ന് 404 വിക്കറ്റും നേടി.

Follow Us:
Download App:
  • android
  • ios