സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ഹരിയാനയെ 69 റൺസിന് പരാജയപ്പെടുത്തി ജാർഖണ്ഡ് കിരീടം ചൂടി. നായകൻ ഇഷാൻ കിഷന്‍റെ 49 പന്തിൽ 101 റൺസ് നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് ജാർഖണ്ഡിന് കൂറ്റൻ സ്കോറും ചരിത്ര വിജയവും സമ്മാനിച്ചത്
പുനെ: സയ്യിദ് മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്. പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഹരിയാനയെ 69 റൺസിന് മലർത്തിയടിച്ചാണ് ജാർഖണ്ഡ് കിരീടത്തിൽ മുത്തമിട്ടത്. അതിവേഗ സെഞ്ചറി നേടിയ നായകൻ ഇഷാൻ കിഷന്‍റെ ബാറ്റിംഗാണ് ജാർഖണ്ഡിന് കിരീടം സമ്മാനിച്ചത്. കിഷൻ 49 പന്തിൽ 101 റൺസാണ് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ജാർഖണ്ഡ് ഉയർത്തിയ 263 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹരിയാനയുടെ പോരാട്ടം 18.3 ഓവറിൽ 193 റൺസിൽ അവസാനിച്ചു.
ഇഷാൻ കിഷന്‍റെ വെടിക്കെട്ട്
വെടിക്കെട്ട് സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ കുമാര്‍ കുഷാഗ്രയുടെയും ബാറ്റിംഗ് മികവിലാണ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഹരിയാനക്ക് മുന്നില്‍ ജാര്‍ഖണ്ഡ് കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 49 പന്തില്‍ 101 റണ്‍സെടുത്ത ക്യാപ്റ്റൻ ഇഷാന്‍ കിഷനാണ് ജാര്‍ഖണ്ഡിന്‍റെ ടോപ് സ്കോറര്‍. കുമാര്‍ കുഷാഗ്ര 38 പന്തില്‍ 81 റണ്‍സടിച്ചു. അനുകൂല്‍ റോയിയും(20 പന്തില്‍ 40*) റോബിന്‍ മിന്‍സും(14 പന്തില്‍ 31*) പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫി ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്കോർ കൂടിയായിരുന്നു ഇത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഇഷാന്‍ കിഷൻ. പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗ് മാത്രമാണ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന് മുമ്പ് സെഞ്ചുറിയടിച്ച ഒരേയൊരു താരം. ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയില്‍ 84 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു. നാലു ഫോറും 10 സിക്സും അടങ്ങുന്നതായിരുന്നു കിഷന്‍റെ ഇന്നിംഗ്സ്. സെഞ്ചുറി തികച്ചതിന് പിന്നാലെ സുമിത് കുമാറിന്‍റെ യോർക്കറില്‍ കിഷന്‍ 49 പന്തില്‍ 101 റണ്‍സെടുത്ത് ബൗള്‍ഡായി മടങ്ങി. രണ്ടാം വിക്കറ്റില്‍ കിഷനും കുഷാഗ്രയും ചേര്‍ന്ന് 82 പന്തില്‍ 177 റണ്‍സ് അടിച്ചുകൂട്ടി. കിഷന്‍ മടങ്ങിയതിന് പിന്നാലെ 38 പന്തില്‍ 81 റണ്‍സെടുത്ത കുമാര്‍ കുഷാഗ്രയും മടങ്ങിയത് ജാര്‍ഖണ്ഡിന്‍റെ സ്കോറിംഗ് നിരക്കിനെ ബാധിച്ചു.പതിനാറാം ഓവറില്‍ ജാര്‍ഖണ്ഡ് 200 കടന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അനുകൂല്‍ റോയിയും(20 പന്തില്‍ 40*) റോബിന്‍ മിന്‍സും(14 പന്തില്‍ 31*) ചേര്‍ന്ന് ജാര്‍ഖണ്ഡിനെ 250 കടത്തി.
മറുപടിയില്ലാതെ ഹരിയാന
മറുപടി ബാറ്റിങ്ങിൽ തുടക്കം തന്നെ ഹരിയാനക്ക് പാളി. ആദ്യ ഓവറിൽ തന്നെ ഹരിയാനയുടെ രണ്ടു വിക്കറ്റുകൾ വീണത് തിരിച്ചടിയായി. മധ്യനിരയിൽ യശ്വർദ്ധൻ ദലാൽ (22 പന്തിൽ 53), നിശാന്ത് സിന്ധു (15 പന്തിൽ 31), സാമന്ത് ജാഖർ (17 പന്തിൽ 38) എന്നിവരുടെ മികച്ച പോരാട്ടമാണ് ഹരിയാനയെ വമ്പൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ജാർഖണ്ഡിനായി സുശാന്ത് മിശ്ര, ബാൽ കൃഷ്ണ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടിയപ്പോൾ വികാസ് സിങ്, അനുകുൽ റോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.


