
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ തോല്‍വിക്ക് പിന്നാലെ ട്വിറ്ററില്‍ ട്രന്‍ഡിംഗായി 'സാക്ക് ദ്രാവിഡ്' ടാഗ്. പരീക്ഷണങ്ങളാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നും ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലാതെയാണ് ഇന്ത്യ വിന്‍ഡീസിനെ നേരിട്ടത്. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. പകരക്കാരനായി സഞ്ജു സാംസണ്‍ ടീമിലെത്തി. വിരാട് കോലിക്ക് പകരം അക്‌സര്‍ പട്ടേലാണ് കളിച്ചത്. ഇരുവര്‍ക്കും തിളങ്ങാനായതുമില്ല. ഇതോടെ ഒരുകൂട്ടം ആരാധകര്‍ ദ്രാവിഡിനെതിരെ തിരിഞ്ഞു. റിതുരാജ് ഗെയ്കവാദിന് അവസരം കൊടുക്കാത്തതും കാരണമായി.
ഇരുവരും പുറത്തിരുന്നതിനെ കുറിച്ച് ഹാര്‍ദിക് ടോസിന് ശേഷം പറഞ്ഞതിങ്ങനെ... ''രോഹിത്തും കോലിയും നിരന്തരം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇന്ന് വിശ്രമം അനുവദിച്ചത്. മൂന്നാം ഏകദിനത്തിന് അവര്‍ തിരിച്ചെത്തും.'' പാണ്ഡ്യ പറഞ്ഞു. എന്നാല്‍ അടുത്ത കാലത്ത് അത്ര മികച്ച ഫോമിലല്ലാത്ത കോലിയും രോഹിത്തും കളിക്കണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...
ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 40.5 പന്തില്‍ 181ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷായ് ഹോപ് (63), കീസി കാര്‍ട്ടി (48) എന്നിവര്‍ പുറത്താവാതെ നേടിയ ഇന്നിംഗ്സാണ് വിന്‍ഡീസിന് തുണയായത്.
വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ഷായ് ഹോപ്പാണ് മത്സരത്തിലെ താരം. വിന്‍ഡീസിന്റെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. മൂന്നാം ഏകദിനം ചൊവ്വാഴ്ച്ച ട്രിനിഡാഡില്‍ നടക്കും.