
കൊളംബോ: ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽനിന്ന് മുക്തനായ ആവിഷ്ക ഫെർണാണ്ടോ ടീമിൽ തിരിച്ചെത്തി. ദിനേശ് ചണ്ഡിമലിന് പകരം യുവതാരം സദീര സമരവിക്രമ ടീമിൽ ഇടംപിടിച്ചു. നുവാനിദു ഫെർണാണ്ടോയും നുവാൻ തുഷാരയുമാണ് പുതുമുഖങ്ങൾ. ദസുൻ ഷനകയാണ് ക്യാപ്റ്റൻ. വാനിന്ദു ഹസരംഗ ട്വന്റി 20യിലും കുശാൽ മെൻഡിന് ഏകദിനത്തിലും വൈസ് ക്യാപ്റ്റൻമാരാവും.
പതും നിസങ്ക, ഭാനുക രജപക്സെ, ധനഞ്ജയ ഡിസിൽവ തുടങ്ങിയവർ ടീമിലുണ്ട്. ജനുവരി മൂന്നിന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിനവും ട്വന്റി 20യുമാണുള്ളത്. നേരത്തെ തന്നെ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ട്വന്റി 20 ടീമിലില്ല. ഹാർദിക് പാണ്ഡ്യയാണ് ടി 20 ടീമിനെ നയിക്കുക.
വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിലെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിട്ടുണ്ട്. റിഷബ് പന്ത് ടീമിൽ ഉൾപ്പെട്ടില്ല. സൂര്യകുമാർ യാദവിനാണ് വൈസ് ക്യാപ്റ്റന്റെ ചുമതലയുള്ളത്. ഹാർദിക്കിനെ കൂടാതെ അക്സർ പട്ടേൽ, വാഷിംട്ൺ സുന്ദർ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. അതേസമയം, ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ നായകനായി തിരികെയെത്തും. വിരാട് കോലിയും ടീമിലിടം നേടി. വിക്കറ്റ് കീപ്പർമാരായി കെ എൽ രാഹുലും ഇഷാൻ കിഷനും എത്തിയപ്പോൾ റിഷബ് പന്ത് ഏകദിന ടീമിലും ഉൾപ്പെട്ടില്ല. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
ട്വന്റി 20 ടീമിൽ ഇല്ലാത്ത മുഹമ്മദ് ഷമിയും ഏകദിന ടീമിലേക്ക് തിരികെ വന്നു. ശുഭ്മാൻ ഗിൽ, സൂര്യ കുമാർ, ശ്രേയ്യസ് അയ്യർ തുടങ്ങിയ പ്രമുഖരും ഇടം നേടിയിട്ടുണ്ട്. രണ്ട് ടീമുകളിലും റിഷബ് പന്തിന് സ്ഥാനം നഷ്ടമായതാണ് ശ്രദ്ധേയമായ കാര്യം. ടെസ്റ്റിൽ മിന്നും ഫോം തുടരുമ്പോഴും ഏകദിനത്തിലും ട്വന്റി 20യിലും തിളങ്ങാനാകാത്തത് പന്തിനെതിരെ കടുത്ത വിമർശനം ഉയരുന്നതിന് കാരണമായിരുന്നു. ഏകദിന ടീമിൽ നിന്ന് മുതിർന്ന താരം ശിഖർ ധവാനും ഒഴിവാക്കപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!