സ്റ്റോയ്നിസ് ഐസിസിയെ ചോദ്യം ചെയ്യാനായോ? കൈമടക്കി ഏറ് ആംഗ്യത്തില്‍ ആഞ്ഞടിച്ച് പാക് മുന്‍ നായകന്‍

By Jomit JoseFirst Published Aug 16, 2022, 1:00 PM IST
Highlights

ഹസ്നൈന്‍ ഏറുകാരനാണെന്ന സ്റ്റോയ്നിസിന്‍റെ ആരോപണത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് പാക് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്

ലണ്ടന്‍: പാക് പേസര്‍ മുഹമ്മദ് ഹസ്നൈന്‍ കൈമടക്കി പന്ത് എറിയുന്നതായി ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് ആംഗ്യം കാട്ടിയത് വലിയ വിവാദമായിരുന്നു. നിയമവിരുദ്ധമായ ബൗളിം​ഗ് ആക്ഷന്‍റെ പേരില്‍ മുമ്പ് വിലക്ക് നേരിട്ട താരമാണ് ഹസ്നൈന്‍ എന്നതാണ് സ്റ്റോയ്നിസിന്‍റെ പ്രതികരണത്തിന് പിന്നിലെ കാരണം. എന്നാല്‍ ഐസിസി കുറ്റമുക്തനാക്കിയിട്ടും ഹസ്നൈന്‍ ഏറുകാരനാണെന്ന സ്റ്റോയ്നിസിന്‍റെ ആരോപണത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് പാക് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. 

'ഐസിസി ഹസ്നൈന്‍റെ ബൗളിം​ഗ് ആക്ഷന്‍ നിയമവിധേയമാണെന്ന് അടുത്തിടെ  വ്യക്തിമാക്കിയതേയുള്ളൂ. പിന്നെന്തിനാണ് സ്റ്റോയ്നിസ് ആരോപണമുന്നയിക്കുന്നത്. ഐപിഎല്ലിലായാലും പിഎസ്എല്ലിലായാലും ദ് ഹണ്ട്രഡിലായാലും നാമിവിടെ രാജ്യാന്തര ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഐസിസി അദ്ദേഹത്തിന്‍റെ ആക്ഷന്‍ ബൗളിം​ഗ് അംഗീകരിച്ചതാണ്. താരത്തിന്‍റെ ആക്ഷന്‍ നിരീക്ഷിക്കാന്‍ ഐസിസിയുണ്ട്. പിന്നെ ഇതൊക്കെ നോക്കാന്‍ സ്റ്റോയ്നിസ് ആരാണ്. സംശയാസ്പദമായ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ സസ്പെന്‍ഷന്‍ നേരിട്ട ശേഷം തിരിച്ചുവരവ് നടത്തിയതേയുള്ളതിനാല്‍ കർശന നിരീക്ഷണത്തിലാണ് ഹസ്നൈന്‍. താരങ്ങള്‍ പരിധി ലംഘിച്ചാല്‍ നടപടിയെടുക്കണം' എന്നും സ്റ്റോയ്നിസിനെ പ്രതിക്കൂട്ടിലാക്കി സല്‍മാന്‍ ബട്ട് പറഞ്ഞു. 

ദ് ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ സതേണ്‍ ബ്രേവിനായി കളിക്കുന്ന മാർക്കസ് സ്റ്റോയ്നിസ് ഓവല്‍ ഇന്‍വിസിബിളിന്‍റെ താരമായ മുഹമ്മദ് ഹസ്നൈന്‍റെ പന്തില്‍ പുറത്തായിരുന്നു. ഔട്ടായശേഷം ഡഗ് ഔട്ടിലേക്ക് നടക്കുമ്പോഴാണ് ഹസ്നൈന്‍ ഏറുകാരനാണെന്ന രീതിയില്‍ സ്റ്റോയ്നിസ് കൈകൊണ്ട് ആംഗ്യം കാട്ടിയത്. 27 പന്തില്‍ സ്റ്റോയ്നിസ് 37 റണ്‍സടിച്ച് തിളങ്ങിയെങ്കിലും ടീം ഏഴ് വിക്കറ്റിന് തോറ്റു. സ്റ്റോയ്നിസിന്‍റെ പെരുമാറ്റം ക്രിക്കറ്റിന് ഉചിതമല്ലെന്ന വിമർശനം ശക്തമാണ്. താരത്തെ ബൗള്‍ ചെയ്യാന്‍ നിയമപരമായി അനുവദിച്ച ഐസിസി തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് സ്റ്റോയിനിസിന്‍റെ നടപടി എന്നാണ് ആക്ഷേപം.

ഫെബ്രുവരിയില്‍ സംശയാസ്പദമായ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ ഹസ്നൈനെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ജൂണില്‍ ഐസിസി വിദഗ്ധ സമിതിയുടെ വിലയിരുത്തലിനുശേഷം ബൗളിംഗ് ആക്ഷനില്‍ കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹസ്നൈന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ഇതാദ്യമായല്ല ഓസ്ട്രേലിയന്‍ താരങ്ങള്‍ ഹസ്നൈനെ ഏറുകാരനെന്ന് വിശേഷിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കുമ്പോള്‍ സിഡ്നി സിക്സേഴ്സ് നായകന്‍ മോയിസ് ഹെന്‍റിക്കസ് ഹസ്നൈനെ ഏറുകാരനെന്ന് പറഞ്ഞ് സ്ലെഡ്ജ് ചെയ്തത് വിവാദമായിരുന്നു. 

പുറത്തായതിന് പിന്നാലെ പാക് പേസര്‍ 'ഏറുകാരനെന്ന്' ആംഗ്യം; സ്റ്റോയ്നിസിനെതിരെ രൂക്ഷ വിമര്‍ശനം

click me!