സിംബാബ്‍വെ പര്യടനം: ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി, സ്റ്റാർ യുവതാരം പുറത്ത്- റിപ്പോർട്ട്

By Jomit JoseFirst Published Aug 16, 2022, 10:31 AM IST
Highlights

താരം പരമ്പരയില്‍ നിന്ന് പുറത്തായതായി ബിസിസിഐയുടെ ഓദ്യോഗിക അറിയിപ്പ് വന്നിട്ടില്ല

ഹരാരേ: രാജ്യാന്തര ക്രിക്കറ്റിലേക്ക് ഓഫ് സ്പിന്നർ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ തിരിച്ചുവരവ് വൈകും. റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ ഇടത്തേ ഷോള്‍ഡറിന് പരിക്കേറ്റ താരത്തിന് സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. വാഷിംട്ഗണ്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സ തേടുമെന്ന് പേര് വെളിപ്പെടുത്താത്ത മുതിർന്ന ബിസിസിഐ വൃത്തങ്ങള്‍ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എന്നാല്‍ താരം പരമ്പരയില്‍ നിന്ന് പുറത്തായതായി ബിസിസിഐയുടെ ഓദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.  

കൊവിഡും പരിക്കും മൂലം 12 മാസത്തോളമായി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വാഷിംഗ്ടണ്‍ സുന്ദർ. 2021 ജൂലൈയില്‍ കൈവിരലിന് പരിക്കേറ്റ ശേഷം സുന്ദറിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ഇതിന് പിന്നാലെ ആഭ്യന്തര സീസണ്‍ നഷ്ടമായ താരത്തെ വൈകാതെ കൊവിഡും പിടികൂടി. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക തുടങ്ങി നിരവധി ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ കളിക്കാനാവാതെ വന്ന താരത്തിന് ഐപിഎല്‍ മത്സരങ്ങളും നഷ്ടമായിരുന്നു. 22കാരനായ വാഷിംഗ്ടണ്‍ സുന്ദർ ഇന്ത്യക്കായി നാല് ടെസ്റ്റും നാല് ഏകദിനങ്ങളും 31 ടി20കളും കളിച്ചിട്ടുണ്ട്. 

അതേസമയം സിംബാബ്‍വെ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ഹരാരെയിൽ പരിശീലനം തുടങ്ങി. കെ എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളിതാരം സഞ്ജു സാംസണും ഉണ്ട്. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ സിംബാബ്‍വെയിൽ കളിക്കുക. മറ്റന്നാളാണ് ഒന്നാം ഏകദിനം. 20, 22 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങളും നടക്കും. രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനും ബാറ്റിംഗ് ഇതിഹാസവുമായ വിവിഎസ് ലക്ഷ്‌മണാണ്.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

സിംബാബ്‍വെയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പരിശീലനം തുടങ്ങി

click me!