വാംഖഡെയില്‍ ഇന്ത്യൻ വിജയഗാഥ, ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം

Published : Mar 05, 2026, 11:08 PM ISTUpdated : Mar 05, 2026, 11:16 PM IST
India beat England

Synopsis

പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്‍റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി.

മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വിറച്ചെങ്കിലും വീഴാതെ ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ജേക്കബ് ബെഥേലിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും 7 റണ്‍സകലെ പൊരുതി വീണു. നാലാമനായി ഇറങ്ങി 48 പന്തില്‍ 105 റണ്‍സടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. 35 റണ്‍സെടുത്ത വില്‍ ജാക്സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബെഥേല്‍ ഇന്ത്യൻ ആരാധകരുടെ മനസില്‍ തീ കോരിയിട്ടെങ്കിലും അവസാന മൂന്നോവറില്‍ ഇന്ത്യ എറിഞ്ഞു പിടിച്ചു. അവസാന മൂന്നോവറില്‍ 45 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്‍റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി. ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണോടിയ ജേക്കബ് ബെഥേലിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷയറ്റു. അടുത്ത രണ്ട് പന്തുകളില്‍ ഓരോ റണ്ണെടുക്കാനെ ആര്‍ച്ചര്‍ക്കും ഓവര്‍ടണും കഴിഞ്ഞുള്ളു. നാലാം പന്തില്‍ വൈഡ് വഴങ്ങിയ ദുബെ അവസാന മൂന്ന് പന്തിലും സിക്സ് വഴങ്ങിയെങ്കിലും ഏഴ് റണ്‍സകലെ ഇംഗ്ലണ്ട് വീണു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 253-7, ഇംഗ്ലണ്ട് 20 ഓവറില്‍ 246-7.

 

തുടക്കത്തിലെ ഫില്‍ സാള്‍ട്ടിനെ(5) ഹാര്‍ദ്ദിക്ക് മടക്കി. ഹാരി ബ്രൂക്കിനെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കി. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ജോസ് ബട്‌ലറെ(25) വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി മടക്കി. ടോം ബാന്‍റണെ(17) അക്സറും മടക്കിയതോടെ അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയയെ ഞെട്ടിച്ചാണ് ബെഥേലും ജാക്സും തകര്‍ത്തടിച്ച് ഇന്ത്യയെ ഞെട്ടിച്ചത്. വരുണ് ചക്രവര്‍ത്തിയെയും അക്സര്‍ പട്ടേലിനെയുമെല്ലാം നിലംതൊടാതെ പറത്തിയ ബെഥേലും ജാക്സും ഇംഗ്ലണ്ടിന് അവിശ്വസനീയ ജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് അര്‍ഷ്ദീപിന്‍റെ പന്തില്‍ ജാക്സ് വീണത്. പിന്നീട് സാം കറനെ കൂട്ടുപിടിച്ച് ബെഥേല്‍ പോരാട്ടം തുടര്‍ന്നെങ്കിലും ജസ്പ്രീത് ബുമ്രയെറിഞ്ഞ പതിനെട്ടാം ഓവര്‍ ഇംഗ്ലണ്ടിന്‍റെ റണ്ണൊഴുക്ക് തടഞ്ഞു. ഇതിനിടെ ബെഥേല്‍ 45 പന്തില്‍ സെഞ്ചുറിയിലെത്തി. അടുത്ത ഓവറില്‍ ഹാര്‍ദ്ദിക് കറനെയും അവസാന ഓവറിലെ ആദ്യ പന്തില്‍ ബെഥേല്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ ജയമുറപ്പിച്ചു.

 

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണിത്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 25 പന്തിൽ 43 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 39ഉം ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 27ഉം തിലക് വര്‍മ 7 പന്തില്‍ 21ഉം റണ്‍സെടുത്തു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും(6 പന്തില്‍ 11), അഭിഷേക് ശര്‍മയും(7 പന്തില്‍ 9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയാവുമെന്ന് കരുതിയ ജോഫ്ര ആര്‍ച്ചർ നാലോവറില്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നമ്പർ വൺ അല്ല, നമ്പർ വണ്‍ ഫ്രോഡ്', സെമിയിലും സൂപ്പര്‍ ഫ്ലോപ്പായി അഭിഷേക് ശര്‍മ; നിർത്തിപ്പൊരിച്ച് ആരാധകർ
കളിച്ചത് വെറും 4 മത്സരങ്ങള്‍, അടിച്ചത് 16 സിക്സ്, രോഹിത് ശര്‍മയെയും പിന്നിലാക്കി ലോകകപ്പിലെ ഇന്ത്യയുടെ സിക്സര്‍ കിംഗായി സഞ്ജു