കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് കാണാതെയാണ് ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്. ബാറ്റിങ്ങിലെ പോരായ്മകളായിരുന്നു തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന്

ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ 2027 സീസണിൽ ബാറ്റിങ് പരിശീലകനില്ലാതെ കളത്തിലിറങ്ങാനുള്ള ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സദഗോപൻ രമേഷ്. ടീമിന്റെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുമ്പോള്‍ ഈ നീക്കം ഞെട്ടിക്കുന്നതാണെന്നും രമേശ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് കാണാതെയാണ് ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്. ബാറ്റിങ്ങിലെ പോരായ്മകളായിരുന്നു തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇതോടെ പരിശീലക സംഘത്തിൽ വലിയ മാറ്റങ്ങള്‍ നടത്താനും ടീം മാനേജ്മെന്റ് നി‍ര്‍ബന്ധിതമായിരുന്നു. ദീര്‍ഘകാലമായി ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് ഉള്‍പ്പെടെയുള്ളവര്‍ പടിയിറങ്ങി. ഫ്ലെമിങ്ങിന്റെ പകരക്കാരനായി മുൻ ഇന്ത്യൻ പേസര്‍ സഹീർ ഖാനെയാണ് ചെന്നൈ നിയമിച്ചിരിക്കുന്നത്.

"അടുത്ത സീസണിൽ ബാറ്റിങ് പരിശീലകനില്ലാതെ ചെന്നൈ ഇറങ്ങുന്നുവെന്നത് ഞെട്ടിക്കുന്ന തീരുമാനമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ചെന്നൈയുടെ പ്രകടനം മോശമായിരുന്നു. ബാറ്റിങ്ങില്‍ ഏറെ ദൗര്‍ബല്യമുള്ള സംഘമാണ് ചെന്നൈ. 2025, 26 എഡിഷനുകളിലെ ശരാശരി ടീം സ്കോര്‍ പോലും 178 മാത്രമാണ്. ബാറ്റിങ്ങിലാണ് പ്രശ്നങ്ങളെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ കൂടുതലും ബൗളര്‍മാരാണ്,'' രമേശ് പറഞ്ഞു.

"മൈക്കൽ ഹസിയെപ്പോലൊരു മികച്ച ബാറ്റിങ് പരിശീലകൻ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈക്ക് ബാറ്റിങ്ങിൽ കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല. എന്നിട്ടും ബാറ്റിങ് പരിശീലകനെ നിയമിക്കാതിരിക്കുന്നതിന് പിന്നിലെ കാരണം മനസിലാകുന്നില്ല. ധോണി ഒരു മെന്ററുടെ റോൾ ഏറ്റെടുക്കുമോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്," രമേശ് കൂട്ടിച്ചേർത്തു.

ധോണി കളിക്കാരനായി തിരിച്ചെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും രമേശ് പറഞ്ഞു. എന്നാല്‍, ധോണി മെറ്ററുടെ ഉത്തരവാദിത്തം ഏറ്റെടുത്താൽ അത് ടീമിന് വലിയ ഗുണമാകുമെന്നും രമേഷ് അഭിപ്രായപ്പെട്ടു.