പരിക്കിൽ നിന്ന് പൂർണമുക്തി നേടിയ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ന്യൂസിലാൻഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ താരം തിരിച്ചെത്തും. പ്രധാന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എ ടീമിനൊപ്പം താരം പരിശീലന മത്സരം കളിക്കും.

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ പേസ് നിരയ്ക്ക് കരുത്തേറും. പരിക്കില്‍ നിന്ന് പൂര്‍ണമുക്തി നേടിയ പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് നേടി. വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി താരം ടീമിനൊപ്പം ചേരും. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഒക്ടോബര്‍ 22, 24 തീയതികളിലും തുടര്‍ന്ന് നവംബര്‍ 1, 2 തീയതികളിലും നടന്ന മാച്ച് സിമുലേഷനുകളില്‍ താരം പങ്കെടുത്തിരുന്നു.

ഇതിനുശേഷമാണ് മെഡിക്കല്‍ ടീം താരത്തിന് അനുമതി നല്‍കിയത്. ഒരു മാസത്തിലേറെയായി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രസിദ്ധ് ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങളുള്ള ഇന്ത്യന്‍ ടീമില്‍ പ്രസിദ്ധിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായിട്ടായിരുന്നു ഇത്. പിന്നീട് അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ നിന്ന് താരം പൂര്‍ണമായി പുറത്തായി. ജമ്മു കശ്മീര്‍ പേസര്‍ ഔഖിബ് നബിയാണ് പകരം ടീമിലെത്തിയത്. പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ ഒന്നിന് ഓക്ക്ലന്‍ഡില്‍ ആരംഭിക്കും.

വരുന്ന നവംബര്‍ 7 മുതല്‍ ലിങ്കണില്‍ ആരംഭിക്കുന്ന ഇന്ത്യ എ - ന്യൂസിലാന്‍ഡ് എ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ പങ്കെടുക്കാനായി പ്രസിദ്ധ് ന്യൂസിലന്‍ഡിലേക്ക് പോകും. നവംബര്‍ 19ന് ആരംഭിക്കുന്ന പ്രധാന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് അദ്ദേഹത്തിന് മാച്ച് പ്രാക്ടീസ് ഉറപ്പാക്കാന്‍ ടീം മാനേജ്‌മെന്റ് താല്‍പ്പര്യപ്പെടുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് പ്രസിദ്ധിന് ഇടത് കാല്‍തുടയ്ക്ക് പരിക്കേറ്റത്. അഞ്ച് ഓവര്‍ മാത്രം എറിഞ്ഞ ശേഷം അദ്ദേഹം കളം വിടുകയായിരുന്നു. അതിനുശേഷം താരം മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഈ പരമ്പരയില്‍ പ്രസിദ്ധിന്റെ മടങ്ങിവരവ് ഇന്ത്യന്‍ പേസ് നിരയ്ക്ക് ഏറെ നിര്‍ണായകമാണ്. ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ ടെസ്റ്റ് പരമ്പരയ്ക്കായി ടീമില്‍ തിരിച്ചെത്തും. മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ്, ആകാശ് ദീപ് എന്നിവരാണ് ടെസ്റ്റ് സ്‌ക്വാഡിലെ മറ്റ് പേസര്‍മാര്‍.

YouTube video player