പന്ത് ചുരണ്ടല്‍ വിവാദം; വാര്‍ണറുടെ ആത്മകഥക്കായി കാത്തിരിക്കുന്നുവെന്ന് ബ്രോഡ‍്

By Web TeamFirst Published May 18, 2021, 1:10 PM IST
Highlights

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ഡേവിഡ് വാര്‍ണര്‍ ആത്മകഥയെഴുതുകയാണെങ്കില്‍ അതില്‍ പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കുമോ എന്നറിയാന്‍ ആകാംക്ഷയുണ്ടെന്ന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്

ലണ്ടന്‍: മൂന്ന് വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കാമറോണ്‍ ബാന്‍ക്രോഫ്റ്റ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണങ്ങളുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിനെ കുറിച് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും പുറമെ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ഡേവിഡ് വാര്‍ണര്‍ ആത്മകഥയെഴുതുകയാണെങ്കില്‍ അതില്‍ പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കുമോ എന്നറിയാന്‍ ആകാംക്ഷയുണ്ടെന്ന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു. ഓസ്ട്രേലിയന്‍ ടീമിനൊപ്പം ഞാന്‍ പന്തെറിഞ്ഞിട്ടില്ല. പക്ഷെ ജിമ്മി ആന്‍ഡേഴ്സണൊപ്പം പന്തെറിഞ്ഞ അനുഭവം വെച്ച് പറയുകയാണെങ്കില്‍ പന്തില്‍ എന്തെങ്കിലും തരത്തിലുള്ള അടയാളങ്ങളോ എന്‍റെ സീമില്‍ മില്ലി മീറ്റര്‍ വ്യത്യാസമോ വന്നാല്‍ അക്കാര്യം ജിമ്മി ആന്‍ഡേഴ്സണ്‍ എന്നോട് അപ്പോള്‍ തന്നെ ചൂണ്ടിക്കാണിക്കാറുണ്ട്.

എന്തുകൊണ്ടാണ് സീമില്‍ വ്യത്യാസം വന്നതെന്നും പന്തിലെങ്ങനെയാണ് ഇങ്ങനെയൊരു അടയാളം വന്നതെന്നും അദ്ദേഹം ചോദിക്കും. അതുപോലെ റിവേഴ്സ് സ്വിംഗ് ലഭിക്കാതിരിക്കാനും ഇതുപോലെ നിരവധി കാരണങ്ങളുണ്ട്. അതിനെക്കുറിച്ചൊക്കെ ഞങ്ങളെല്ലാവരും ബോധവാന്‍മാരാണ്. എന്തായാലും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വിവാദം അന്വേഷണം നടത്തി ക്രിക്കറ്റ് ഓസ്ട്രേലിയ അവസാനിപ്പിച്ചതാണ്.

വിവാദത്തില്‍ ഉള്‍പ്പെട്ട മൂന്ന് കളിക്കാരും ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ വര്‍ഷം അവസാനം നടക്കുന്ന ആഷസ് പരമ്പരക്കിടെ ഇതൊരു വിവാദ വിഷയമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന്‍റെ ആരാധക കൂട്ടായ്മമായി ബാര്‍മി ആര്‍മി ഇതിനെക്കുറിച്ച് പാട്ടുണ്ടാക്കാനുള്ള സാധ്യതയുണ്ട്.

അതുപോലെ ഈ സംഭവത്തില്‍ ഡേവിഡ് വാര്‍ണറുടെ ഏജന്‍റിന്‍റെ ചില പ്രസ്താവനകളും എനിക്ക് രസകരമായി തോന്നി. എന്തായാലും വിരമിച്ചശേഷം വാര്‍ണര്‍ ആത്മകഥയെഴുതുകയാണെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ അതിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോഡ് പറഞ്ഞു.


2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടൽ വിവാദമുണ്ടായത്. ബൗളർമാർക്ക് കൂടുതൽ സ്വിം​ഗ് ലഭിക്കാനായി പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന സാൻഡ് പേപ്പർ ഉപയോ​ഗിച്ച് ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടിയെന്നായിരുന്നു കണ്ടെത്തൽ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തായിരുന്നു.

തുടർന്ന് ബാൻക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും ഡേവിഡ് വാർണറയും സ്റ്റീവ് സ്മിത്തിനെയും ഒരു വർഷത്തേക്കും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. വാർണർക്ക്  ഓസട്രേലിയൻ ക്യാപ്റ്റനാവുന്നതിന് ആജീവനാന്ത വിലക്കും സ്മിത്തിന് രണ്ട് വർഷ വിലക്കും ഏർപ്പെടുത്തുകയും ചെയ്തു.

വിവാദത്തെയും വിലക്കിനെയും തുടർന്ന് ടീമിൽ നിന്ന് പുറത്തായ 28കാരനായ ബാൻക്രോഫ്റ്റിന് പിന്നീട് ഓസീസ് ടീമിൽ തിരിച്ചെത്താനായിട്ടില്ല. വിലക്ക് നീങ്ങിയതോടെ വാർണറും സ്മിത്തും ഓസീസിനായി വീണ്ടും കളിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!