ലോകകപ്പ് സെമിയിലെ ആ നിര്‍ണായക തീരുമാനത്തിന് പിന്നില്‍ താന്‍ മാത്രമല്ലെന്ന് സഞ്ജയ് ബംഗാര്‍

By Web TeamFirst Published Aug 2, 2019, 8:01 PM IST
Highlights

ധോണി നേരത്തെ ഇറങ്ങി പുറത്തായിരുന്നെങ്കില്‍ ഇന്ത്യ അപ്പോള്‍ തന്നെ തോല്‍വി ഉറപ്പിക്കേണ്ടിവന്നേനെ. ഫിനിഷര്‍ എന്ന നിലയില്‍ ധോണിയുടെ അനുഭവസമ്പത്ത് ഉപയോഗിക്കുക എന്നു മാത്രമായിരുന്നു ലക്ഷ്യമെന്നും ബംഗാര്‍

മുംബൈ: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായപ്പോള്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയത് മുന്‍ നായകന്‍ എം എസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി ഇറക്കാനുള്ള തീരുമാനമായിരുന്നു. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നാവുമായിരുന്നുവെന്ന് അഭിപ്രായങ്ങളുയര്‍ന്നു. ധോണിയെ ഏഴാമനാക്കി ഇറക്കിയത് ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിന്റെ മാത്രം തീരുമാനമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അത് തന്റെ മാത്രം തീരുമാനമായിരുന്നില്ലെന്ന് ബംഗാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ആളുകള്‍ അങ്ങനെ കരുതുന്നത് എന്നെ തകര്‍ത്തുകളഞ്ഞു. ടീമിനകത്ത് ഒരു തീരുമാനം എടുക്കുന്നത് ഞാന്‍ മാത്രമല്ല. സാഹചര്യങ്ങള്‍ നോക്കി കൂട്ടായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഇന്ത്യന്‍ മധ്യനിരയില്‍ 5,6,7 സ്ഥാനങ്ങളില്‍ ഫ്ലെക്സിബിലിറ്റി ഉണ്ടായിരുന്നു. സെമിയില്‍ മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ അഞ്ചാം നമ്പറില്‍ അയച്ചത് ഇന്നിംഗ്സ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

ധോണി 35-ാം ഓവറിനുശേഷം ക്രീസിലെത്തിയാല്‍ വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യാനും ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനും കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. ധോണിയുടെ ഫിനിഷിംഗ് മികവ് ഉപയോഗിക്കാതിരിക്കുന്നതുപോലും ക്രിമിനല്‍ കുറ്റത്തിന് തുല്യമാണ്. അതുകൊണ്ടാണ് സെമിയില്‍ ധോണിയെ ഏഴാം നമ്പറിലേക്ക് മാറ്റിയത്. ടീം കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണത്. ധോണി നേരത്തെ ഇറങ്ങി പുറത്തായിരുന്നെങ്കില്‍ ഇന്ത്യ അപ്പോള്‍ തന്നെ തോല്‍വി ഉറപ്പിക്കേണ്ടിവന്നേനെ. ഫിനിഷര്‍ എന്ന നിലയില്‍ ധോണിയുടെ അനുഭവസമ്പത്ത് ഉപയോഗിക്കുക എന്നു മാത്രമായിരുന്നു ലക്ഷ്യമെന്നും ബംഗാര്‍ പറഞ്ഞു.

click me!