
ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍. വ്യക്തിപരമായ കാരണങ്ങളാലും പ്രഫഷണല്‍ ചിമതലകള്‍ ഉള്ളതിനാലുമാണ് തീരുമാനമെന്ന് ബംഗാര്‍ പറഞ്ഞു. എട്ടാഴ്ച മുമ്പാണ് ബംഗ്ലാദേശിന്റെ ബാറ്റിംഗ് പരിശീലകനാവാനുള്ള വാഗ്ദാനം ബംഗാറിന് ലഭിച്ചത്. എന്നാല്‍ അതിന് മുമ്പെ സ്റ്റാര്‍ സ്പോര്‍ട്സുമായി രണ്ട് വര്‍ഷത്തെ കമന്ററി കരാറില്‍ ഏര്‍പ്പെട്ടതിനാല്‍ പുതിയ ചുമതല ഏറ്റെടുക്കാനാവില്ലെന്ന് ബംഗാര്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയായിരുന്നു.
ഭാവിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുമായി സഹകരിക്കാനുള്ള വാഗ്‌ദാനം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ബംഗാര്‍ വ്യക്തമാക്കി. 2014 മുതല്‍ 2019 വരെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നു ബംഗാര്‍. 2019ലെ ഏകദിന ലോകകപ്പ് തോല്‍വിക്ക് ശേഷം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെയും ബൗളിംഗ് കോച്ച് ഭരത് അരുണിന്റെയും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറുടെയും കാലാവധി നീട്ടിയപ്പോള്‍ ബംഗാറിനെ മാത്രം ബിസിസിഐ ഒഴിവാക്കുകയായിരുന്നു.
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ബാറ്റിംഗില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞത്. സെമിയില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ എം എസ് ധോണിയെ ഏഴാമനായി ക്രീസിലിറക്കാനുള്ള തീരുമാനം ബംഗാറിന്റേതായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബംഗാറിന് പകരം മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിക്രം റാത്തോഡിനെയാണ് ഇന്ത്യ ബാറ്റിംഗ് പരിശീലകനാക്കിയത്.ജൂണില്‍ ഓസ്ട്രേലിയക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബംഗാറിന്റെ സേവനം ലഭ്യമാക്കാനായിരുന്നു ബംഗ്ലാദേശ് ശ്രമിച്ചത്.
നിലവില്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ ബാറ്റിംഗ് പരിശീലകനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം നീല്‍ മക്കന്‍സിയെ ടെസ്റ്റിലും ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ് ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും തുടരാന്‍ താല്‍പര്യമില്ലെന്ന് മക്കന്‍സി അറിയിച്ചതോടെയാണ് ബംഗാറിനെ ബംഗ്ലാദേശ് നോട്ടമിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!