'ഐപിഎല്ലിലെ ബാറ്റിംഗ് അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി'; വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍

Published : Jul 12, 2026, 10:21 PM IST
team india

Synopsis

വിദേശ പര്യടനങ്ങളിലെ ഇന്ത്യന്‍ ടി20 ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് കാരണം ഐപിഎല്ലിലെ ബാറ്റിംഗ് അനുകൂല സാഹചര്യങ്ങളാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍ വിമര്‍ശിക്കുന്നു. ഐപിഎല്‍ പ്രകടനങ്ങള്‍ ബാറ്റര്‍മാരുടെ യഥാര്‍ത്ഥ കഴിവ് കാണിക്കുന്നില്ലെന്നും, സെലക്ടര്‍മാര്‍ ഈ മിഥ്യാധാരണകള്‍ക്കപ്പുറം കണ്ട് ടീമിനെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടി20 ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് പിന്നില്‍ ഐപിഎല്ലിലെ ബാറ്റിംഗ് അനുകൂല സാഹചര്യങ്ങളാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കളിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നതിന് പകരം ഐപിഎല്ലിലെ ഘടനാപരമായ പ്രശ്‌നങ്ങളാണ് പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് മഞ്ജരേക്കര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഐപിഎല്‍ പ്രകടനങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ യഥാര്‍ത്ഥ കഴിവല്ല കാണിക്കുന്നതെന്നും, വിദേശ പര്യടനങ്ങള്‍ക്കായി ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഐപിഎല്ലിന് അപ്പുറത്തേക്ക് സെലക്ടര്‍മാര്‍ ചിന്തിക്കണമെന്നും അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു. 'ഈ പരാജയത്തിന് കളിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അനാവശ്യമായ 'മേക്കപ്പ്' നല്‍കുന്ന ഐപിഎല്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ചവരെയാണ് ഉത്തരവാദികളാക്കേണ്ടത്. വിദേശ പര്യടനങ്ങള്‍ക്കായി ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, ഐപിഎല്ലിന്റെ ഈ മിഥ്യാധാരണകള്‍ ഒഴിവാക്കി യഥാര്‍ത്ഥ കഴിവുള്ളവരെ കണ്ടെത്തുകയാണ് സെലക്ടര്‍മാര്‍ ചെയ്യേണ്ടത്.' മഞ്ജരേക്കര്‍ കുറിച്ചു.

ഐപിഎല്ലിലെ പിഴവുകള്‍

ഐപിഎല്ലിലെ ഫ്‌ളാറ്റ് പിച്ചുകളും ചെറിയ ബൗണ്ടറികളും ബാറ്റര്‍മാര്‍ക്ക് അമിത ആനുകൂല്യം നല്‍കുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. ഇത് ബാറ്റിംഗിനെ വല്ലാതെ സ്വാധീനിക്കുകയും, വിദേശത്തെ സ്വിംഗ്, സീം സാഹചര്യങ്ങളെ നേരിടുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുകയും ചെയ്യുന്നു. കൂടാതെ, ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍മാരുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതായും മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇംപാക്ട് പ്ലെയര്‍ നിയമം മൂലം ടീമുകള്‍ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തുന്നതില്‍ പിന്നോക്കം പോയതായി മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ടീം ഇന്ത്യയുടെ വരും പര്യടനങ്ങള്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ജൂലൈ 23-ന് ആരംഭിക്കുന്ന സിംബാബ്വെ ടി20 പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനവും ഇന്ത്യന്‍ ടീമിന് വലിയൊരു വെല്ലുവിളിയാകും. അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും നേരിട്ട തോല്‍വികള്‍ക്ക് ശേഷം പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുകയാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ നിര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്ക് പര്യടനത്തിനിടെ ഇന്ത്യക്ക് തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് രണ്ട് താരങ്ങള്‍ പുറത്ത്
ഇംഗ്ലീഷ് ക്രിക്കറ്റില്‍ ബാസ്‌ബോള്‍ യുഗം അസ്തമിക്കുന്നു; ബ്രണ്ടന്‍ മക്കല്ലം ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞു