
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. ടീമിലെ പ്രധാന ബൗളര്‍മാരായ ഹര്‍ഷിത് റാണയ്ക്കും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും പരുക്കേറ്റതിനെത്തുടര്‍ന്ന് ഇരുവരേയും ടീമില്‍ നിന്നൊഴിവാക്കി.ഇവര്‍ക്ക് പകരമായി പ്രിന്‍സ് യാദവിനെയും രവി ബിഷ്‌ണോയിയെയും ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തി. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മൂന്നാം ടി20 മത്സരത്തിനിടെയാണ് ഇരുവരും പരുക്കേറ്റത്.
വലത് ഹാംസ്ട്രിംഗില്‍ അസ്വസ്ഥത അനുഭവപ്പെട്ട റാണയ്ക്ക് ഗ്രേഡ് 1 ഹാംസ്ട്രിംഗ് ടിയര്‍ ഉണ്ടെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. താരം ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങും. വരുണ്‍ ചക്രവര്‍ത്തിയുടെ ഇടത് ഹാംസ്ട്രിംഗിലെ പരുക്ക് കൂടുതല്‍ ഗുരുതരമാണെന്ന് എംആര്‍ഐ സ്‌കാനിംഗിലൂടെ സ്ഥിരീകരിച്ചു. തുടര്‍ന്ന് സിംബാബ്വെ പര്യടനത്തിനുള്ള ടി20 ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി വേഗത്തില്‍ തന്നെ പകരക്കാരെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഹര്‍ഷിത് റാണയ്ക്ക് പകരം പ്രിന്‍സ് യാദവിനെ ടീമിലെടുത്തു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് പ്രിന്‍സ്. സിംബാബ്വെ പര്യടനത്തിനുള്ള ടി20 ടീമില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായി രവി ബിഷ്‌ണോയിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ നിലവില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 4-0 എന്ന നിലയില്‍ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഐസിസി ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനം കൂടി നഷ്ടമായി.
ഈ തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഏകദിന ടീം. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ആദ്യ ഏകദിനത്തിനായി ടീം തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഏകദിന ടീം (ഇംഗ്ലണ്ട്): ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദൂബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്.
ടി20 ടീം (സിംബാബ്വെ): ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശിവം ദൂബെ, സൂര്യാന്‍ഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, അശോക് ശര്‍മ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാന്‍ സിംഗ്, രവി ബിഷ്‌ണോയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!