എന്നിട്ടും കോലി ശാന്തനായി മടങ്ങിയത് കണ്ട് അത്ഭുതപ്പെട്ടു; രഹാനെയെ വിമര്‍ശിച്ച് മഞ്ജരേക്കര്‍

By Web TeamFirst Published Dec 17, 2020, 8:57 PM IST
Highlights

അത് പൂര്‍ണമായും രഹാനെയുടെ പിഴവായിരുന്നു. കോലി അത്രത്തോളം ഓടണമായിരുന്നോ എന്നൊരു ചോദ്യത്തിന് പോലും അവിടെ പ്രസക്തിയില്ല. അവിടെയൊരു സിംഗിളെ ഉണ്ടായിരുന്നില്ല.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ റണ്ണൗട്ടാക്കിയ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയെ വിമര്‍ശിച്ച് മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ആ റണ്ണൗട്ടിനുശേഷം ഒന്നും പറയാതെ ശാന്തനായി മടങ്ങിയ കോലിയെക്കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

അത് പൂര്‍ണമായും രഹാനെയുടെ പിഴവായിരുന്നു. കോലി അത്രത്തോളം ഓടണമായിരുന്നോ എന്നൊരു ചോദ്യത്തിന് പോലും അവിടെ പ്രസക്തിയില്ല. അവിടെയൊരു സിംഗിളെ ഉണ്ടായിരുന്നില്ല. കാരണം ഫീല്‍ഡര്‍ അത്രമാത്രം അടുത്തായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. കോലിക്ക് അതില്‍ ഒന്നും ചെയ്യാനില്ലായിരുന്നു. തന്‍റെ പങ്കാളിയെ വിശ്വസിച്ച് ഓടുക എന്നല്ലാതെ. കോലിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. എങ്കിലും കളിയില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങള്‍കൊണ്ട് ഈ വേദനകളെല്ലാം മറക്കാനാവുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നതിനിടെയാണ് 74 റണ്‍സെടുത്ത കോലി രഹാനെയുടെ തെറ്റായ വിളി കേട്ട് ഓടി റണ്ണൗട്ടായത്. തന്‍റെ തെറ്റ് തിരിച്ചറിഞ്ഞ രഹാനെ അപ്പോള്‍ തന്നെ കോലിയോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. കോലി പുറത്തായതിന് പിന്നാലെ രഹാനെയും വിഹാരിയും വീണതോടെ ആദ്യദിനം 233/6  എന്ന നിലയിലാണ് അവസാനിപ്പിച്ചത്.

click me!