
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ, ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ചൊവ്വാഴ്ച രാത്രി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പവര്‍പ്ലേ ഓവറുകളിലെ രാഹുലിന്റെ മെല്ലെപ്പോക്ക് ടീമിന്റെ പരാജയത്തിന് ആക്കം കൂട്ടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരത്തില്‍ 13 പന്തില്‍ നിന്ന് വെറും 12 റണ്‍സ് മാത്രമെടുത്ത് പുറത്തായ രാഹുലിന്റെ ഇന്നിംഗ്‌സിനെ 'ടീമിനുള്ള മരണവാറന്റ്' എന്നാണ് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്.
തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ... ''ചില കളികളില്‍ രാഹുല്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്നു, അതാണ് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന രാഹുല്‍. എന്നാല്‍ മറ്റു ചിലപ്പോള്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കണം എന്ന ചിന്തയില്‍ അദ്ദേഹം ബാറ്റിംഗ് വേഗത കുറയ്ക്കുന്നു. 12 പന്തില്‍ 12 റണ്‍സെടുത്ത് ഒരാള്‍ ഔട്ടാകുമ്പോള്‍, അത് സ്വന്തം ടീമിന്റെ മരണവാറന്റ് ഒപ്പിടുന്നതിന് തുല്യമാണ്. പവര്‍പ്ലേയിലെ ആ മോശം പ്രകടനത്തോടെ തന്നെ ഡല്‍ഹിയുടെ പരാജയം ഉറപ്പായിരുന്നു.'' മഞ്ജരേക്കര്‍ പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ രാഹുല്‍, ചെന്നൈക്കെതിരെ തീര്‍ത്തും നിരാശപ്പെടുത്തി. 200 സ്‌ട്രൈക്ക് റേറ്റില്‍ ഓപ്പണര്‍മാര്‍ റണ്‍സ് കണ്ടെത്തേണ്ട സമയത്ത്, പിന്നീട് തകര്‍ത്തടിക്കാം എന്ന പ്രതീക്ഷയില്‍ 100 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 20 ഓവറില്‍ 156 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ ചെന്നൈ എട്ട് വിക്കറ്റിന് വിജയം കണ്ടു. സീസണില്‍ മികച്ച ഫോമിലുള്ള രാഹുല്‍ 10 മത്സരങ്ങളില്‍ നിന്ന് 180.89 സ്‌ട്രൈക്ക് റേറ്റില്‍ 445 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും, ഈ നിര്‍ണ്ണായക മത്സരത്തിലെ പ്രകടനം തിരിച്ചടിയായി. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ നിലയിലാണ്. മെയ് 8-ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!