
റായ്പൂര്‍: ഐപിഎല്ലിൽ തുടര്‍ തോല്‍വികളെ തുടര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷകള്‍ ത്രിശങ്കുവിലായ മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യവും ആരാധകര്‍ക്കിടയില്‍ ചർച്ചയാകുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിർണ്ണായക മത്സരത്തിനായി റായ്പൂരിലേക്ക് തിരിച്ച മുംബൈ ടീമിനൊപ്പം ഹാർദിക് ഉണ്ടായിരുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പരുക്കിനെത്തുടർന്ന് ലക്നൗവിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ പാണ്ഡ്യ, ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ കളിക്കുമോ എന്ന കാര്യം പോലും അനിശ്ചിതത്വത്തിലാണ്.
ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് ടീം പുറപ്പെടുമ്പോൾ ഹാർദിക് പാണ്ഡ്യ ഒപ്പമില്ലായിരുന്നുവെന്ന് 'ക്രിക്ബസ്' റിപ്പോർട്ട് ചെയ്തു. പുറംവേദന കാരണമാണ് ഹാര്‍ദിക് വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പരിക്കിന്‍റെ ഗൗരവം എത്രത്തോളമുണ്ടെന്നോ, ഹാര്‍ദിക് എപ്പോള്‍ ടീമിനൊപ്പം ചേരുമെന്നോയുള്ള കാര്യത്തിൽ മാനേജ്‌മെന്‍റ് വ്യക്തമായ മറുപടി നൽകുന്നില്ല. ക്യാപ്റ്റൻ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കമാണോ ഇതെന്നും ആരാധകർ സംശയിക്കുന്നുണ്ട്. ഹാർദിക്കിന്‍റെ അസാന്നിധ്യത്തിൽ സൂര്യകുമാർ യാദവ് തന്നെയാകും ആർസിബിക്കെതിരെയും മുംബൈയെ നയിക്കുക. കഴിഞ്ഞ മത്സരത്തിൽ സൂര്യയുടെ നേതൃത്വത്തിൽ ലക്നൗവിനെ തോൽപ്പിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞിരുന്നു.
ഈ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം തീർത്തും നിരാശാജനകമാണ്. 8 മത്സരങ്ങളിൽ നിന്ന് 136.45 സ്ട്രൈക്ക് റേറ്റില്‍ വെറും 146 റൺസ് മാത്രം നേടിയ പാണ്ഡ്യക്ക് ബൗളിംഗിലും കാര്യമായ ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നിലവിൽ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളിൽ വെറും മൂന്ന് ജയം മാത്രമുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വരാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!