Latest Videos

അവസാനിച്ചത് 1,100 ദിവസത്തെ കാത്തിരിപ്പ്; മഞ്ജരേക്കറും രോഹിത്തും പറഞ്ഞപോലെ തന്നെ സംഭവിച്ചു!

By Web TeamFirst Published Jan 24, 2023, 5:10 PM IST
Highlights

ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ 38 പന്തില്‍ 34 റണ്‍സെടുത്ത് രോഹിത് പുറത്തായപ്പോള്‍ മഞ്ജരേക്കര്‍ എല്ലാം പ്രവചിച്ചിരുന്നു

ഇന്‍ഡോര്‍: 1,100 ദിവസം! ഏകദിന ഫോര്‍മാറ്റിലെ തന്‍റെ സെഞ്ചുറിവരള്‍ച്ച നീണ്ട കാത്തിരിപ്പിനൊടുവില്‍ അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. അതും ബൗളര്‍മാരെ ഗ്യാലറിയിലേക്ക് അനായാസം പറത്തുന്ന തന്‍റെ ശൈലിയില്‍ തന്നെ. ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവന്നപ്പോള്‍ ഓര്‍മ്മിക്കുന്നത് മുന്‍താരം സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകളാണ്. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ 38 പന്തില്‍ 34 റണ്‍സെടുത്ത് രോഹിത് പുറത്തായപ്പോള്‍ മഞ്ജരേക്കര്‍ ഇങ്ങനെ പറഞ്ഞിരുന്നു. 

'എന്തുകൊണ്ടാണ് വമ്പന്‍ സ്കോര്‍ പിറക്കാത്തത് എന്നറിയില്ല. രോഹിത് നന്നായി ബാറ്റ് ചെയ്യുന്നില്ല എന്നൊരു കൃത്യമായ സൂചനയും കാണാനില്ല. കാലങ്ങളായി കണ്ടിരുന്നതോ, നമ്മള്‍ പ്രതീക്ഷിക്കുന്നതോ ആയ ഫോം കോലിയില്‍ നിന്ന് കണ്ടിരുന്നില്ല. അതുപോലെ ആവാം ഇതും. രോഹിത് പന്ത് നന്നായി അടിച്ചകറ്റുന്നുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ 30-40, 70-80 സ്കോറുകള്‍ കണ്ടെത്തി. എന്നാല്‍ സെഞ്ചുറി മാറിനില്‍ക്കുന്നു. ഇന്ത്യന്‍ ടീം 350 റണ്‍സോ അതിലധികമോ നേടുന്നിടത്തോളം രോഹിത് സെഞ്ചുറി നേടാത്തതില്‍ എനിക്ക് പ്രശ്‌നമില്ല. ഒരു സെഞ്ചുറി ചിലപ്പോള്‍ വളരെ അടുത്തായിരിക്കും. കാരണം രോഹിത് ഫോമില്ലായ്‌മയിലോ ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെടുകയോ ആണ് എന്നതിന് തെളിവുകള്‍ ഒന്നുമില്ല' എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞത്. 

ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ 50 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മ്മ വന്‍ സ്‌കോര്‍ ഉടന്‍ വരുമെന്ന സൂചന നല്‍കിയിരുന്നു. 'തന്‍റെ ശൈലി ചെറുതായെന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ ശ്രമിക്കുക പ്രധാനമാണ് എന്ന് തോന്നുന്നു. വലിയ സ്കോറുകള്‍ വരുന്നില്ല എന്ന് എനിക്കറിയാം. എന്നാല്‍ അതിനെ കുറിച്ച് ഞാന്‍ അധികം ആകുലപ്പെടുന്നില്ല' എന്നുമായിരുന്നു ഹിറ്റ്‌മാന്‍റെ വാക്കുകള്‍. മഞ്ജരേക്കറുടെ പ്രവചനം പോലെ, രോഹിത് ശര്‍മ്മയുടെ മുന്നറിയിപ്പ് പോലെ ഹിറ്റ്‌മാന്‍ മൂന്നക്കവുമായി ഏകദിന ലോകകപ്പിന് മുമ്പ് തന്‍റെ ഗെയിമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇന്‍ഡോറിലെ മൂന്നാം ഏകദിനത്തില്‍ 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സാണ് ഹിറ്റ്‌മാന്‍ അടിച്ചുകൂട്ടിയത്. രോഹിത്തിന്‍റെ മുപ്പതാം ഏകദിന സെഞ്ചുറിയാണിത്. 2020 ജനുവരിയില്‍ ഓസീസിന് എതിരെയായിരുന്നു ഹിറ്റ്‌മാന്‍ ഇതിന് മുമ്പ് ഏകദിന ശതകം(119 റണ്‍സ്) നേടിയത്. 

ഇന്‍ഡോറില്‍ ഗില്‍ മിന്നല്‍, ഹിറ്റ്‌മാന്‍ കൊടുങ്കാറ്റ്; പുതിയ റെക്കോര്‍ഡ്

click me!