'ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ', റുതുരാജിന്‍റെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനവുമായി വസീം ജാഫർ

Published : May 21, 2026, 04:52 PM IST
Sanju Samson-Ruturaj Gaikwad

Synopsis

റുതുരാജ് കുറച്ചുകൂടി ആക്രമണ മോഡിലേക്ക് മാറേണ്ടതുണ്ട്. പവർപ്ലേയിൽ സഞ്ജു സാംസൺ മാത്രം വന്ന് റൺസ് അടിച്ചുകൂട്ടുമെന്ന് കരുതി അയാൾക്ക് ക്രീസിൽ നോക്കിനിൽക്കാൻ കഴിയില്ല.

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ജീവൻമരണ പോരാട്ടത്തിന് മുൻപ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെഗ്‌ക്‌വാദിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. പവർപ്ലേയിൽ റൺസ് കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്തവും ഓപ്പണിംഗ് പങ്കാളിയായ സഞ്ജു സാംസണിന് മാത്രം വിട്ടുകൊടുക്കാതെ, നായകൻ എന്ന നിലയിൽ ഗെയ്ക്വാദ് കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്ന് ജാഫർ ആവശ്യപ്പെട്ടു.

ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ക്രിക് ഇൻഫോയിലെ വിശകലന പരിപാടിയിലാണ് ജാഫർ സിഎസ്‌കെ ക്യാപ്റ്റന്‍റെ മെല്ലെപ്പോക്കിനെ വിമർശിച്ചത്.

റുതുരാജ് കുറച്ചുകൂടി ആക്രമണ മോഡിലേക്ക് മാറേണ്ടതുണ്ട്. പവർപ്ലേയിൽ സഞ്ജു സാംസൺ മാത്രം വന്ന് റൺസ് അടിച്ചുകൂട്ടുമെന്ന് കരുതി അയാൾക്ക് ക്രീസിൽ നോക്കിനിൽക്കാൻ കഴിയില്ല. ഗെയ്ക്‌വാദ് റൺസ് കണ്ടെത്താനുള്ള ആവേശം കാണിക്കണം. എങ്കിൽ മാത്രമേ അത് മറ്റ് ബാറ്റർമാർക്കും ആത്മവിശ്വാസം നൽകൂ. ഇനി അതല്ല, അദ്ദേഹത്തിന് പഴയതുപോലെ ആങ്കർ റോൾ കളിക്കാനാണ് താൽപര്യമെങ്കിൽ, ഹാർഡ് ഹിറ്റർ ഉർവിൽ പട്ടേലിനെ ചെന്നൈ ഓപ്പണറാക്കണം. റുതുരാജ് മൂന്നാമതോ നാലാമതോ ഇറങ്ങി പവർപ്ലേയ്ക്ക് ശേഷം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകട്ടെയെന്നും ജാഫര്‍ പറഞ്ഞു.

ഈ സീസണിൽ തപ്പിത്തടയുന്ന റുതുരാജിന്‍റെ അവസാന നാല് ഇന്നിംഗ്സുകളിലെ സ്കോറുകൾ 15 (21), 13 (9), 42 (28), 6 (13) എന്നിങ്ങനെയാണ്. 13 ഇന്നിംഗ്സുകളിൽ നിന്ന് വെറും 120.67 സ്ട്രൈക്ക് റേറ്റിൽ 321 റൺസ് മാത്രമാണ് സിഎസ്‌കെ നായകന്‍റെ സമ്പാദ്യം. ഗുജറാത്തിനെതിരെ ചെന്നൈക്ക് വിജയിക്കണമെങ്കിൽ മലയാളി താരം സഞ്ജു സാംസൺ ക്രീസിൽ നിലയുറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ജാഫർ പറഞ്ഞു. എന്നാൽ ഗുജറാത്തിന്‍റെ മുൻനിര പേസർമാരായ കാഗിസോ റബാഡ, മുഹമ്മഡ് സിറാജ് എന്നിവർക്കെതിരെ അനാവശ്യ ഷോട്ട് കളിച്ച് സഞ്ജു വിക്കറ്റ് വലിച്ചെറിയരുതെന്നും ജാഫര്‍ മുന്നറിയിപ്പ് നൽകി.

ചെന്നൈയുടെ വിജയത്തിന്റെ താക്കോൽ സഞ്ജുവിന്റെ കൈകളിലാണ്. സഞ്ജു പവർപ്ലേ അതിജീവിച്ച് മുന്നോട്ട് പോയപ്പോഴൊക്കെ ചെന്നൈ വലിയ സ്കോറുകൾ നേടിയിട്ടുണ്ട്. അദ്ദേഹം തന്‍റെ അഗ്രസീവ് ശൈലി മാറ്റേണ്ടതില്ല. എന്നാൽ റബാഡയും സിറാജും മികച്ച ഫോമിലാണ്. അതുകൊണ്ട് അനാവശ്യമായി സ്ലോഗ് ഷോട്ടുകൾക്ക് മുതിരാതെ കൃത്യമായ ക്രിക്കറ്റിംഗ് ഷോട്ടുകൾ കളിച്ച് പവർപ്ലേ ഓവറുകൾ സഞ്ജു പൂർത്തിയാക്കണം. ചെന്നൈക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന പ്രധാന ബാറ്റർമാർ സഞ്ജുവും ഋതുരാജും ഉർവിലുമാണ്. അതിൽ സഞ്ജുവിന് ഇന്ന് നല്ലൊരു ദിവസമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ജാഫര്‍ പറഞ്ഞു.

കന്നി സീസണിൽ തന്നെ ചെന്നൈയുടെ ടോപ്പ് സ്കോററാണ് വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ. 13 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 166.20 സ്ട്രൈക്ക് റേറ്റിൽ 477 റൺസ് സഞ്ജു നേടിക്കഴിഞ്ഞു. 2026 ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' കൂടിയായ സഞ്ജുവിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഏറെ പ്രിയപ്പെട്ടതാണ്. ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇതേ സ്റ്റേഡിയത്തിൽ സഞ്ജു 46 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിൽ (27, 20, 28) വലിയ സ്കോറുകൾ നേടാനാകാത്ത സഞ്ജു, തന്‍റെ ഭാഗ്യഗ്രൗണ്ടിൽ ഇന്ന് വീണ്ടുമൊരു മാച്ച് വിന്നിംഗ് ഇന്നിംഗ്സിലൂടെ ചെന്നൈയെ പ്ലേ ഓഫിൽ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പവർപ്ലേ കടക്കില്ല, അഹമ്മദാബാദിൽ സഞ്ജുവിനെ അവര്‍ പൂട്ടും'; ജീവൻമരണപ്പോരിന് മുൻപ് ചെന്നൈക്ക് ആശങ്കയായി വൻ പ്രവചനം
'ഒരു 50 ലക്ഷം കൂടി മുടക്കിയിരുന്നെങ്കിൽ അവൻ ചെന്നൈയിലുണ്ടാകുമായിരുന്നു', ചെന്നൈയുടെ ലേലതന്ത്രങ്ങളെ പൊളിച്ചടുക്കി മുൻ താരം