'കഠിനാധ്വാനത്തിന്റെ ഫലം': ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വര്‍ണ നേട്ടത്തെ കുറിച്ച് സഞ്ജു സാംസണ്‍

Published : Oct 04, 2026, 08:50 PM IST
Sanju Samson

Synopsis

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ നേടിയ സ്വർണം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് സഞ്ജു സാംസൺ. പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം കടുത്ത സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ടീമിനെ സഹായിച്ചു.

ടോക്കിയോ: പാകിസ്ഥാനെതിരായ ആവേശകരമായ ഫൈനലില്‍ വിജയം നേടി ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തിയ ഇന്ത്യക്ക് വിജയം വെറുതെ കൈവന്നതല്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പരിചയസമ്പന്നരായ 'എ' ടീം താരങ്ങളുടെ സാന്നിധ്യം സഹായിച്ചതായും സഞ്ജു പറഞ്ഞു.

സഞ്ജുവിന്റെ വാക്കുകള്‍... ''ഞങ്ങള്‍ക്ക് വളരെ പരിചയസമ്പന്നരായ ഒരു ടീം ഉണ്ടായിരുന്നു. പരിശീലനമോ മത്സരങ്ങളോ നടക്കാത്ത ഘട്ടങ്ങളില്‍ പോലും ഊര്‍ജ്ജം എങ്ങനെ കൈകാര്യം ചെയ്യണമെന്നും, എങ്ങനെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങളുടെ പ്രധാന ടീമിനെ തന്നെ ഇറക്കിയത് വലിയ രീതിയില്‍ തുണച്ചു. പാകിസ്ഥാനെതിരായ ഫൈനലിലും അത് പ്രകടമായി.'' മത്സരശേഷം സഞ്ജു വ്യക്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശര്‍മ്മയുടെയും തിലക് വര്‍മ്മയുടെയും അര്‍ദ്ധസെഞ്ചുറികളുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റിന് 211 റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും 6 വിക്കറ്റിന് 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ പാകിസ്ഥാന്‍ ശക്തമായി തിരിച്ചടിച്ചതോടെ മത്സരം അവസാന ഓവറുകള്‍ വരെ ആവേശകരമായി മാറി. ''ഒടുവില്‍ ഞങ്ങള്‍ക്ക് നല്ലൊരു മത്സരം കളിക്കാന്‍ കഴിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ ഞങ്ങള്‍ 200 റണ്‍സ് നേടിയപ്പോള്‍ പാകിസ്ഥാന് അത് ബുദ്ധിമുട്ടാകുമെന്ന് കരുതി, എന്നാല്‍ പിച്ചും ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്ന് അവര്‍ തെളിയിച്ചു. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന മികച്ചൊരു ഫൈനല്‍ തന്നെ കാണാന്‍ കഴിഞ്ഞു. സ്വര്‍ണം ഞങ്ങള്‍ക്ക് വെറുതെ കിട്ടിയതല്ല, അതിനായി ഞങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. അതാണ് ഈ വിജയത്തിന് ഇത്രയധികം മാധുര്യം നല്‍കുന്നത്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമ്മര്‍ദ്ദങ്ങളെക്കുറിച്ചും ബോധവാന്മാരായിരുന്നുവെന്നും, എന്നാല്‍ ഒരിക്കല്‍ മത്സരം ആരംഭിച്ചാല്‍ കളിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ കളിച്ചതെന്നും സഞ്ജു വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അതെല്ലാം വ്യാജമാണ്'; പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍ ആകുമെന്ന വാര്‍ത്തകള്‍ തള്ളി ഷുഹൈബ് അക്തര്‍
ആര്‍ ജി വണ്‍ വനിതാ ടി20 ടൂര്‍ണമെന്റില്‍ കേരളം ജേതാക്കള്‍; ബറോഡയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു