കേരളത്തിന് മികച്ച തുടക്കം നല്‍കിയ ശേഷം സഞ്ജു വീണു; മുംബൈക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടം

Published : Dec 04, 2025, 09:39 AM IST
Sanju Samson

Synopsis

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ 28 പന്തില്‍ 48 റണ്‍സ് നേടിയ വെടിക്കെട്ട് ഇന്നിംഗ്‌സാണ് കേരളത്തിന് തുണയായത്. 

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ലക്‌നൗവില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഷോട്ടുകളാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചത്. 28 പന്തില്‍ 48 റണ്‍സുമായി സഞ്ജു മടങ്ങി. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഷാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. വിഷ്ണു വിനോദ് (4), മുഹമ്മദ് അസറുദ്ദീന്‍ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ രോഹന്‍ കുന്നുമ്മലിന്റെ (2) വിക്കറ്റും കേരളത്തിന് നഷ്ടമായിരുന്നു. ഷംസ് മുലാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹന്‍.

വിദര്‍ഭയ്‌ക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച സാലി സാംസണ്‍, അഹമ്മദ് ഇമ്രാന്‍, അങ്കിത് ശര്‍മ എന്നിവരില്ലാതെയാണ് കേരളം ഇറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീന്‍, അഖില്‍ സ്‌കറിയ, കെ എം ആസിഫ് എന്നിവര്‍ തിരിച്ചെത്തി. ഷാര്‍ദുല്‍ താക്കൂര്‍ നയിക്കുന്ന മുംബൈ വരുന്നത് സൂര്യകുമാര്‍ യാദവ്, അജിന്‍ക്യ രഹാനെ, ശിവം ദുബെ, ഷാര്‍ദുല്‍ താക്കൂര്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുമായിട്ടാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, വിഗ്നേഷ് പുത്തൂര്‍, നിധീഷ് എം ഡി, ആസിഫ് കെ എം.

മുംബൈ: ഷാര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, അജിന്‍ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേഷ്പാണ്ഡെ, ഷംസ് മുലാനി, അഥര്‍വ അങ്കോള്‍ക്കര്‍, ഹാര്‍ദിക് തമോറെ, സായ്‌രാജ് പാട്ടീല്‍.

നാല് കളിയും ജയിച്ച് 16 പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് മുംബൈ. രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള കേരളം 8 പോയിന്റുമായി മൂന്നാമതും. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള യാത്രയില്‍ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ഉള്‍പ്പെടുന്ന മുംബൈയുടെ ശക്തമായ നിരയെ കേരളം എങ്ങനെ എതിരിടുമെന്ന് കാത്തിരുന്ന് കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വനിതാ ടി20 ലോകകപ്പ്: നെതര്‍ലന്‍ഡ്‌സിനെ തരിപ്പണമാക്കി ഇന്ത്യ; ഓസ്ട്രേലിയയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമത്
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്; രണ്ടാം മത്സരരത്തില്‍ ഇന്ത്യക്ക് 170 റണ്‍സ് ജയം