
ധാക്ക: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് മറ്റൊരു ഇന്ത്യന്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ പ്രശംസ. 'ഹായ് മിന്നു, ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍. അവിസ്‌മരണീയമായ നേട്ടമാണിത്. നിങ്ങളെയോര്‍ത്ത് നാമെല്ലാം അഭിമാനിക്കുന്നു' എന്നാണ് മിന്നുവിന് സഞ്ജു അയച്ച സന്ദേശം. ഈ മെസേജിന്‍റെ സ്‌ക്രീന്‍ ഷോട്ട് മിന്നു മണി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 'നന്ദി സഞ്ജു ചേട്ടാ' എന്ന കുറിപ്പോടെയാണ് മിന്നു മണിയുടെ ഇന്‍സ്റ്റ സ്റ്റോറി.
ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്‍റി 20യിലൂടെയാണ് മിന്നു മണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. അരങ്ങേറ്റത്തിൽ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി വിട്ടുകൊടുത്ത ശേഷം ബംഗ്ലാ ഓപ്പണര്‍ ഷമിമ സുൽത്താനയുടെ വിക്കറ്റ് പേരിലാക്കുകയായിരുന്നു. തന്‍റെ മൂന്ന് ഓവറില്‍ 21 റണ്‍സേ മിന്നു മണി വിട്ടുകൊടുത്തുള്ളൂ. അരങ്ങേറ്റ ഓവറിൽ തന്നെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് മിന്നു. 2001ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ മലയാളി താരം ടിനു യോഹന്നാനും ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടിയിരുന്നു. ഇംഗ്ലണ്ടിന്‍റെ മാർക്ക് ബൂച്ചറിന്‍റെ വിക്കറ്റാണ് ടിനു അരങ്ങേറ്റ ഓവറിൽ സ്വന്തമാക്കിയത്. മിന്നു മണി അരങ്ങേറ്റം ഗംഭീരമാക്കിയ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ആരംഭിക്കും. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. രണ്ടാം ടി20യിലും മലയാളി താരം മിന്നു മണി കളിച്ചേക്കും. രണ്ടാം ടി20 ഇന്ത്യയില്‍ ടെലിവിഷനിലൂടെ തല്‍സമയം കാണാനാവില്ല. മത്സരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ലൈവായി കാണാം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്‍റി 20 പതിമൂന്നാം തിയതി ധാക്കയില്‍ നടക്കും.
Read more: ശ്രദ്ധാകേന്ദ്രം മിന്നു മണി; ട്വന്‍റി 20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, മത്സരം കാണാനുള്ള വഴി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!