പ്ലെയര്‍ ഓഫ് ദ മാച്ച് മാത്രമല്ല, സഞ്ജു സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്; ഇനി ഭീഷണിയാവുക ജോസ് ബട്‌ലര്‍

By Web TeamFirst Published Mar 25, 2024, 7:52 AM IST
Highlights

127 ഇന്നിംഗ്‌സുകളില്‍ 23-ാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. ജോസ് ബട്‌ലര്‍ (71 ഇന്നിംഗ്‌സ്), അജിന്‍ക്യ രഹാനെ (99 ഇന്നിംഗ്‌സ്) എന്നിവരാണ് സഞ്ജുവിനൊപ്പമുള്ളത്.

ജയ്പൂര്‍: ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചുറി നേടിയതോടെ സ്വന്തം പേരിലായത് തകര്‍പ്പന്‍ റെക്കോര്‍ഡ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 52 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് സഞ്ജു നേടിയത്. ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് സഞ്ജു പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായി.

ഇതോടെ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കുന്ന താരങ്ങളില്‍ ഒരാളായിരിക്കുകയാണ് സഞ്ജു. 127 ഇന്നിംഗ്‌സുകളില്‍ 23-ാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. ജോസ് ബട്‌ലര്‍ (71 ഇന്നിംഗ്‌സ്), അജിന്‍ക്യ രഹാനെ (99 ഇന്നിംഗ്‌സ്) എന്നിവരാണ് സഞ്ജുവിനൊപ്പമുള്ളത്. 81 ഇന്നിംഗ്‌സില്‍ 16 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ താരം ഷെയ്ന്‍ വാട്‌സണാണ് രണ്ടാമത്.

2020 മുതല്‍ എല്ലാം സീസണിന്റേയും ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. 2020ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 32 പന്തില്‍ 74 റണ്‍സാണ് അടിച്ചെടുത്തത്. തൊട്ടടുത്ത വര്‍ഷം പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയത് 63 പന്തില്‍ 119 റണ്‍സ്. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു അര്‍ധ സെഞ്ചുറി. 27 പന്തില്‍ നേടിയത് 55 റണ്‍സ്. 2023ല്‍ ഇതേ എതിരാളികള്‍ക്കെതിരെ 32 പന്തിലും 55 റണ്‍സ് നേടി. ഇപ്പോള്‍ ലഖ്‌നൗവിനെതിരെ പുറത്താവാതെ നേടിയ 82 റണ്‍സും.

വൈഡ് റിവ്യൂ ചെയ്തപ്പോള്‍ നോബോള്‍! അബദ്ധം ഏണിവച്ച് പിടിച്ച് രാഹുല്‍, പരിഹാസം; അവസരം മുതലാക്കി സഞ്ജുവും

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. കെ എല്‍ രാഹുല്‍ (44 പന്തില്‍ 58), നിക്കൊളാസ് പുരാന്‍ (41 പന്തില്‍ പുറത്താവാതെ 64) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. 20 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!