
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ 15 അംഗ ടീമില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ടി20യിലെ മിന്നും പ്രകടനം ഏകദിനത്തില്‍ ഇതുവരെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സൂര്യകുമാറിനെക്കാള്‍ ഏകദിനങ്ങളില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുളള മലയാളി താരം സഞ്ജു സാംസണായിരുന്നു ലോകകപ്പിനുള്ള 15 അംഗ ടീമിലെത്തേണ്ടിയിരുന്നതെന്നായിരുന്നു ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സൂര്യകുമാറിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതിനെയും സഞ്ജുവിനെ ഒഴിവാക്കിയതിനെയും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.
സഞ്ജു സാംസണ് ഒരിക്കലും സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം പുറത്തെടുക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ സൂര്യയെ ലോകകപ്പ് ടീമിലെടുത്ത സെലക്ടര്‍മാരുടെ തീരുമാനം ശരിയായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. സൂര്യകുമാര്‍ കംപ്ലീറ്റ് പ്ലേയറാണ്, അതുകൊണ്ടുതന്നെ സഞ്ജുവിന് പകരം സൂര്യയെ ലോകകപ്പ് ടീമിലെടുത്ത സെലക്ടര്‍മാരുടെ തീരുമാനം ശരിയായിരുന്നു. കാരണം, മധ്യനിരയില്‍ സൂര്യകുമാര്‍ പുറത്തെടുക്കുന്ന പ്രകടനം സഞ്ജുവിന് ഒരിക്കലും പുറത്തെടുക്കാനാവില്ല. സഞ്ജു നിലവാരമുള്ള വളരെ മികച്ച കളിക്കാരനാണ്. പക്ഷെ ലോകകപ്പ് ടീമില്‍ 15പേരെയല്ലെ ഉള്‍പ്പെടുത്താനാവുവെന്നും ഹര്‍ഭജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ പന്തു മുതല്‍ അടിച്ചു കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സൂര്യകുമാര്‍ ക്രീസിലുള്ളപ്പോള്‍ അവന്‍ ജയിപ്പിക്കുമെന്നൊരു വിശ്വാസം ഉണ്ടാകും. എന്നാല്‍ സഞ്ജുവിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല. ഏത് നിമിഷവും പുറത്തായേക്കാവുന്ന തരത്തിലാണ് സഞ്ജുവിന്‍റെ കളി. സൂര്യകുമാര്‍ ഏകദിനത്തില്‍ എന്താണ് ചെയ്തിട്ടുള്ളതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ടി20യില്‍ അയാള്‍ പുറത്തെടുത്തിട്ടുള്ള പ്രകടനം ഏകദിനത്തിലും ആവര്‍ത്തിക്കാനായാല്‍ മധ്യനിരയില്‍ അയാളെക്കാള്‍ മികച്ചൊരു കളിക്കാരന്‍ ഇന്ത്യയില്‍ തന്നയുണ്ടാവില്ലെന്നാണ് താന്‍ കരുതുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഇന്ത്യക്കായി ഇതുവരെ 26 ഏകദിനങ്ങളില്‍ കളിച്ചങ്കിലും രണ്ട് അര്‍ധസെഞ്ചുറി മാത്രമാണ് സൂര്യകുമാറിന് നേടാനായത്. ബാറ്റിംഗ് ശരാശരിയാകട്ടെ 24 മാത്രമാണ്. എന്നാല്‍ ബാറ്റിംഗ് നിരയില്‍ അഞ്ചാമതോ ആറാമതോ ഇറങ്ങി സൂര്യകുമാര്‍ ചെയ്യുന്ന കാര്യം വിരാട് കോലിക്കോ രോഹിത് ശര്‍മക്കോ സഞ്ജു സാംസണോ ചെയ്യാനാവില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. മുമ്പ് ഇന്ത്യക്കായി യുവരാജ് സിംഗും എം എസ് ധോണിയും ചെയ്തിരുന്നത് എന്താണോ അതാണ് സൂര്യകുമാര്‍ ചെയ്യാന്‍ പോകുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഞാനായിരുന്നു തീരുമാനമെടുക്കുന്നതെങ്കില്‍ തീര്‍ച്ചയായും സൂര്യകുമാറിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കും. കാരണം സൂര്യകുമാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ തന്നെ റണ്‍സടിച്ചാലും ഇല്ലെങ്കിലും എതിരാളികള്‍ സമ്മര്‍ദ്ദത്തിലാവുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക