2022ലെ ആഷസ് പരമ്പരയില്‍ 4-0ന് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് പരിശീലകനായ മക്കല്ലത്തിന് കീഴില്‍ ആദ്യം കളിച്ച 11 ടെസ്റ്റില്‍ 10ലും ബാസ്ബോള്‍ ശൈലി വിജയകരമായി നടപ്പാക്കി ഇംഗ്ലണ്ട് ജയിച്ചിരുന്നു.

മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ അടുത്ത പരിശീലകനായി ഇന്ത്യൻ മുൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് ഇംഗ്ലണ്ട് സ്പിന്നറായിരുന്ന മോണ്ടി പനേസര്‍. ഓസ്ട്രേലിയയെ എങ്ങനെ തോല്‍പിക്കണമെന്ന് നന്നായി അറിയാവുന്ന ആളാണ് രവി ശാസ്ത്രിയെന്നും ബ്രെണ്ടന്‍ മക്കല്ലത്തിന്‍റെ പിന്‍ഗാമിയാവാന്‍ പറ്റിയ ആളാണ് രവി ശാസ്ത്രിയെന്നും പനേസര്‍ പറഞ്ഞു. 2022ലാണ് മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായത്. തകര്‍ത്തടിക്കുന്ന ബാസ്ബോള്‍ ശൈലി നടപ്പിലാക്കിയെങ്കിലും ഒരു തവണപോലും ഇംഗ്ലണ്ടിനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലില്‍ എത്തിക്കാനായില്ല. നാട്ടിലും ഓസ്ട്രേലിയയിലുമായി നടന്ന ആഷസ് പരമ്പരയിലും കിരീടം നേടാനായില്ല.

2022ലെ ആഷസ് പരമ്പരയില്‍ 4-0ന് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് പരിശീലകനായ മക്കല്ലത്തിന് കീഴില്‍ ആദ്യം കളിച്ച 11 ടെസ്റ്റില്‍ 10ലും ബാസ്ബോള്‍ ശൈലി വിജയകരമായി നടപ്പാക്കി ഇംഗ്ലണ്ട് ജയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യക്കും ഓസ്ട്രേലിയക്കതുമെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കുന്നതില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് അവസാനം കളിച്ച 33 ടെസ്റ്റില്‍ 16ലും തോറ്റിരുന്നു.

ആഷസ് പരമ്പരക്കൊടുവില്‍ മക്കല്ലത്തിന് സ്ഥാനം നഷ്ടമാവുമെന്നും അങ്ങനെ വന്നാല്‍ രവി ശാസ്ത്രിയെ ഇംഗ്ലണ്ട് പരിശീലകനാക്കണമെന്നും പനേസര്‍ വ്യക്തമാക്കി. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ എങ്ങനെ തോല്‍പ്പിക്കണമെന്ന് നന്നായി അറിയാവുന്ന ആളാണ് രവി ശാസ്ത്രി. മാനസികമായും തന്ത്രപരമായും ഓസ്ട്രേലിയയുടെ ബലഹീനതകളെക്കുറിച്ചും രവി ശാസ്ത്രിക്ക് വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ മക്കല്ലത്തിന്‍റെ പകരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ രവി ശാസ്ത്രിയാണെന്നും പനേസര്‍ വ്യക്തമാക്കി.

രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ 2018-19ലും 2020-21ലും ഓസ്ട്രേലിയയില്‍ പരമ്പര നേടിയിരുന്നു. ഇന്ത്യൻ പരിശീലക പദവിയൊഴിഞ്ഞ രവി ശാസ്ത്രി ഇപ്പോള്‍ കമന്‍റേറ്ററായി ജോലി ചെയ്യുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക