
മുംബൈ: ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായി മലയാളിതാരം സഞ്ജു സാംസണെയും ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോർട്ട്. മോശം ഫോമിലുള്ള സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യൻ ക്യാപ്റ്റനായി പരിഗണിക്കുമെന്ന് ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ശ്രേയസിന് പകരം സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്നാണ് കോച്ച് ഗൗതം ഗംഭീറിന്‍റെ ആഗ്രഹമെന്നാണ് സൂചന. കോച്ചിന്‍റെ കൂടി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സഞ്ജു സാംസണെ ഇന്ത്യയുടെ അടുത്ത ടി20 നായകനാക്കാനാക്കാൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നതെന്ന് 'ദൈനിക് ജാഗരൺ' റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം നേടിയെങ്കിലും സൂര്യകുമാറിന്‍റെ വ്യക്തിഗത ഫോമിലുണ്ടായ ഇടിവാണ് സെലക്ടർമാരെ ഇത്തരമൊരു ചിന്തയിലേക്ക് നയിക്കുന്നത്.
ഐപിഎല്ലിലും നിറം മങ്ങിയ പ്രകടനമാണ് സൂര്യകുമാർ നടത്തുന്നത്. 10 മത്സരങ്ങളിൽ നിന്ന് വെറും 19.52 ശരാശരിയിൽ 195 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായത്. ലോകകപ്പിലും കിരീടം നേടിയ നായകനായിട്ടും അമേരിക്കക്കെതിരായ പ്രകടനം ഒഴിച്ചുനിർത്തിയാൽ ബാറ്റിംഗിൽ താരം നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതി നായകമാറ്റത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
2026 സഞ്ജു സാംസണിന്‍റെ കരിയറിലെ ഏറ്റവും മികച്ച വർഷമാണ്. ലോകകപ്പിലെ നിർണായകമായ സൂപ്പര്‍ 8, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ആയിരുന്നു ടൂർണമെന്‍റിലെ മികച്ച താരം. ഈ മികവ് ഐപിഎല്ലിലും സഞ്ജു തുടരുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 402 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 57.43 എന്ന തകർപ്പൻ ശരാശരിയിൽ രണ്ട് സെഞ്ചുറികളും സഞ്ജു നേടിക്കഴിഞ്ഞു. വരും സീസണിൽ റുതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റി സിഎസ്കെ നായകനായി സഞ്ജു എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേരും പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങൾ താരത്തിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. 2023 ഡിസംബറിന് ശേഷം ശ്രേയസ് ഇന്ത്യയ്ക്കായി ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല. ടീമിലെ നിലവിലെ സാന്നിധ്യവും സമ്മർദ്ദഘട്ടങ്ങളിൽ സഞ്ജു പുലർത്തുന്ന ശാന്തതയും സെലക്ടർമാർക്ക് സഞ്ജുവിനോടുള്ള താൽപ്പര്യം കൂട്ടുന്ന കാര്യങ്ങളാണ്. ശ്രേയസ് ആദ്യം ബാറ്റിംഗിൽ മികവ് തെളിയിച്ച് ടീമിൽ തിരിച്ചെത്തട്ടെ, അതിനുശേഷം ക്യാപ്റ്റൻസി ആലോചിക്കാം എന്നാണ് ബിസിസിഐ നിലപാട്. കോച്ച് ഗൗതം ഗംഭീറിന്‍റെ നിലപാടും സഹതാരങ്ങളോടുള്ള സഞ്ജുവിന്‍റെ സൗഹാര്‍ദപൂര്‍വമായ ഇടപെടലുകളും സെലക്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
ഐപിഎല്‍ കഴിഞ്ഞ് നടക്കാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ തന്നെ നായകമാറ്റം ഉണ്ടായേക്കാം. സൂര്യകുമാറിന് ഒരു അവസരം കൂടി നൽകാനാണ് തീരുമാനമെങ്കിൽ സഞ്ജു വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും. എന്നാൽ സൂര്യയുടെ ബാറ്റിംഗ് ഫോം സെലക്ഷൻ കമ്മിറ്റി സൂക്ഷ്മമായി നിരീക്ഷിക്കും. പ്രകടനം മോശമായാൽ സഞ്ജു ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!