
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20യില്‍ നിരാശപ്പെടുത്തിയെങ്കിലും ടി20 കരിയറില്‍ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസണ്‍. ഇന്ന് ഒമ്പത് പന്തില്‍ 13 റണ്‍സുമായിട്ടാണ് സഞ്ജു മടങ്ങിയത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ 6000 റണ്‍സെന്ന നേട്ടം സഞ്ജുവിനെ തേടിയെത്തി. ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് റണ്‍സെടുത്തപ്പോള്‍ തന്നെ സഞ്ജു മാന്ത്രിക സംഖ്യ പിന്നിട്ടു. പരമ്പര തുടങ്ങുമ്പോള്‍ 21 റണ്‍സാണ് സഞ്ജുവിന് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ 12 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഏഴിനും സഞ്ജു പുറത്തായി. പിന്നീടുള്ള രണ്ട് മത്സരങ്ങളിലും താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.
വിരാട് കോലിയാണ് ടി20 ക്രിക്കറ്റില്‍ 6000 പിന്നിട്ട ആദ്യതാരം. 374 ടി20 മത്സരങ്ങളില്‍ നിന്ന് 11,965 റണ്‍സാണ് കോലി നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിന്നിലുണ്ട്. 423 മത്സരങ്ങളില്‍ നിന്ന് 11,035 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. പുറമെ ശിഖര്‍ ധവാന്‍ (9645), സുരേഷ് റെയ്‌ന (8654), റോബിന്‍ ഉത്തപ്പ (7272), എം എസ് ധോണി (7271), ദിനേഷ് കാര്‍ത്തിക് (7081), കെ എല്‍ രാഹുല്‍ (7066), മനീഷ് പാണ്ഡെ (6810), സൂര്യകുമാര്‍ യാദവ് (6503), ഗൗതം ഗംഭീര്‍ (6402), അമ്പാട്ടി റായിഡു (6028) എന്നിവരും 6000 പിന്നിട്ടിരുന്നു.
ഇന്ത്യന്‍ ടീം, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സ്) എന്നിവര്‍ക്ക് വേണ്ടി കളിച്ചാണ് സഞ്ജു ഇത്രയും റണ്‍സ് നേടിയത്. 119 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. 28.60 ശരാശരിയുള്ള സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റാവട്ടെ 133.07. 38 അര്‍ധ സെഞ്ചുറിയും മൂന്ന് സെഞ്ചുറിയും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ടി20 കരിയര്‍. 2011ലാണ് സഞ്ജു ആദ്യ ടി20 മത്സരം കളിക്കുന്നത്. 2015ല്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യന്‍ ജഴ്സിയിലും ആദ്യമായി കളിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!