
മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം നഷ്ടപ്പെടാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ജിയോസ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനവും, തുടര്‍ന്ന് ടീമിലെത്തിയ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഫോമും തന്റെ ലോകകപ്പ് പ്രതീക്ഷകളെ എങ്ങനെ ബാധിച്ചുവെന്ന് താരം വിവരിച്ചു.
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 24, 6, 6, 10, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. ഈ ഘട്ടത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ താന്‍ പിന്തള്ളപ്പെട്ടതായി മനസിലായെന്ന് സഞ്ജു പറഞ്ഞു. ''അതിന് ശേഷം ഇഷാന്‍ വന്നു, അദ്ദേഹത്തിന്റെ കഥ തീര്‍ത്തും വ്യത്യസ്തമായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ ഒറ്റയ്ക്ക് ജയിപ്പിച്ചാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തിയത്. അവിടെ അദ്ദേഹം വേറൊരു ലെവലിലാണ് ബാറ്റ് ചെയ്തത്. ഇഷാന്‍ എനിക്ക് മുകളിലേക്ക് ഉയര്‍ന്നുവരുന്നത് എനിക്ക് വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു.'' സഞ്ജു പറഞ്ഞു. ഫോമിലുള്ള ഒരു താരത്തെയാണ് ആ സമയത്ത് ആവശ്യതുമുള്ളൂവെന്നും, തന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചതായി അപ്പോള്‍ മനസ്സിലായെന്നും താരം കൂട്ടിച്ചേര്‍ത്തു.
തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ നേടി നില്‍ക്കുമ്പോഴാണ് ഈ കടുത്ത തിരിച്ചടി ഉണ്ടായത്. ആളുകള്‍ തന്റെ സ്ഥാനം സുരക്ഷിതമാണെന്ന് കരുതിയെങ്കിലും താന്‍ ഒരിക്കലും അങ്ങനെ ചിന്തിച്ചിരുന്നില്ലെന്ന് സഞ്ജു വ്യക്തമാക്കി. ലോകകപ്പ് ലക്ഷ്യമാക്കി കഠിനാധ്വാനം ചെയ്‌തെങ്കിലും ന്യൂസിലന്‍ഡ് പരമ്പരയില്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമായില്ല.
ഈ തിരിച്ചടി തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും സഞ്ജു വെളിപ്പെടുത്തി. ''ഞാന്‍ അമിതമായി കഠിനാധ്വാനം ചെയ്യുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. മണിക്കൂറുകളോളം പരിശീലനം നടത്തുന്നതിനേക്കാള്‍ പ്രധാനം സന്തോഷത്തോടെയും മാനസികമായി നല്ലൊരു അവസ്ഥയിലുമായിരിക്കുകയാണെന്ന് എന്റെ ഭാര്യ പറഞ്ഞതാണ് ശരിയെന്ന് എനിക്ക് ബോധ്യപ്പെട്ടു. ന്യൂസിലന്‍ഡ് പരമ്പര എനിക്ക് പഠിപ്പിച്ചു തന്നത് ഈ പാഠമാണ്.'' സഞ്ജു വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!