Latest Videos

'നിസ്വാര്‍ത്ഥമായാണ് അവന്‍ കളിച്ചത്, എല്ലാം ടീമിന് വേണ്ടി'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുന്‍ വിക്കറ്റ് കീപ്പര്‍

By Sajish AFirst Published Jun 1, 2022, 10:54 PM IST
Highlights

ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊരു മുന്‍ കീപ്പര്‍ കൂടി സഞ്ജുവിനെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സബാ കരീമാണ് സഞ്ജുവിന്റെ കളിയോടുള്ള മനോഭാവത്തെ പ്രശംസകൊണ്ട് മൂടിയത്.

മുംബൈ: ഐപിഎല്‍ (IPL 2022) സീസണിലുടനീളം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ക്യാപ്റ്റന്‍സി പ്രകീര്‍ത്തിക്കപ്പെട്ടെങ്കിലും ബാറ്റിംഗിനെത്തിയപ്പോള്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്ന് പലരും വ്യക്തമാക്കി. ഷോട്ട് സെലക്ഷന്‍ മോശമാണെന്നും അനാവശ്യ ഷോട്ടുകളിലാണ് മിക്ക മത്സരങ്ങളിലും പുറത്തായതെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത (Deep Dasgupta) താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊരു മുന്‍ കീപ്പര്‍ കൂടി സഞ്ജുവിനെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സബാ കരീമാണ് സഞ്ജുവിന്റെ കളിയോടുള്ള മനോഭാവത്തെ പ്രശംസകൊണ്ട് മൂടിയത്. ''നിര്‍ണായക മത്സരങ്ങളില്‍ പോലപ്പോഴൊക്കെ സഞ്ജുവിന് നല്ല രീതിയില്‍ കളിക്കാന്‍ കഴിഞ്ഞില്ലെന്നുള്ളത് ശരിയാണ്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ന്ന നിലയില്‍ നിര്‍ത്തി അതിവേഗം റണ്‍സ് നേടുക എന്നതായിരുന്നു സഞ്ജു സ്വീകരിച്ച തന്ത്രം. മാത്രമല്ല, ടൈമിംഗിലും മറ്റും സഞ്ജു പുലര്‍ത്തിയിരുന്ന മികവ് എടുത്തു പറയണം.'' കരിം വ്യക്തമാക്കി.

സഞ്ജുവിന്റെ ബാറ്റിംഗ് മെച്ചപ്പെട്ടെന്നും കരിം നിരീക്ഷിച്ചു. ''രാജസ്ഥാന്റെ ക്യാപ്റ്റനായതോടെ സഞ്ജുവിന്റെ ബാറ്റിംഗ് ഏറെ മെച്ചപ്പെട്ടു. ബാറ്റിങിന് കൂടുതല്‍ സ്ഥിരത കൈവന്നുവെന്ന് എനിക്ക് തോന്നുന്നു. ടീമിന് വേണ്ടിയാണ് അവന്‍ കളിച്ചത്. സീസണിലുടനീളം അദ്ദേഹം നിസ്വാര്‍ഥമായി ബാറ്റുവീശി. സ്വയം നവീകരിക്കുകയായിരുന്നു സഞ്ജു ഇത്തവണ. ഏറ്റവും മികച്ച ബൗളര്‍മാരെ ആക്രമിക്കാനും സഞ്ജു ശ്രദ്ധിച്ചിരുന്നു. കുറേ മത്സരങ്ങളില്‍ സഞ്ജു ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.'' മുന്‍ സെലക്ഷന്‍ കമ്മിറ്റ് അംഗം കൂടിയായ സബാ കരീം പറഞ്ഞു. 

ചില മത്സരങ്ങളില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ''മൂന്നാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യനായ താരം സഞ്ജു തന്നെയാണ്. അവന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിച്ചത് ശരിയായില്ല. ചില മത്സരങ്ങില്‍ ആര്‍ അശ്വിന് സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ല. ആ നീക്കം പിഴവാണ്.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

ഐപിഎല്‍ 15-ാം സീസണില്‍ റണ്‍വേട്ടക്കാരില്‍ ഒമ്പതമതാണ് സഞ്ജു. 146.79 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍  458 റണ്‍സാണു സഞ്ജു നേടിയത്. സീസണില്‍ 28.62 ബാറ്റിങ് ശരാശരിയിലാണ് ഇത്രയും റണ്‍സ്.
 

click me!