Latest Videos

'ഡെത്ത് ഓവറുകളില്‍ അവര്‍ പൊട്ടിത്തെറിക്കും'; ഹാര്‍ദിക്- പന്ത് എന്നിവരുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ഗവാസ്‌കര്‍

By Sajish AFirst Published Jun 1, 2022, 7:44 PM IST
Highlights

റണ്‍വേട്ടക്കാരില്‍ നാലാമനാണ് ഹാര്‍ദിക്്. 15 മത്സരങ്ങളില്‍ 487 റണ്‍സാണ് ഓള്‍ റൗണ്ടര്‍ നേടിയത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ദേശീയ ടീമിലേക്കുള്ള വിളിയുമെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് താരം ഉള്‍പ്പെട്ടത്.

മുംബൈ: ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയടെ (Hardik Pandya) ഓള്‍റൗണ്ട് കരുത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ഐപിഎല്‍ കിരീടമുയര്‍ത്തിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഫൈനലില്‍ ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 18.1 ഓവറില്‍ ഗുജറാത്ത് ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്് കളിച്ച ഹാര്‍ദിക് 30 പന്തില്‍ 34 റണ്‍സ് നേടി. നേരത്തെ രാജസ്ഥാനെ എറിഞ്ഞിട്ടതും ഹാര്‍ദിക് ആയിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഹാര്‍ദിക് നേടിയത്. സഞ്ജു സാംസണ്‍ (14), ജോസ് ബട്‌ലര്‍ (39), ഷിംറോണ്‍ ഹെറ്റ്മയെര്‍ (11) എന്നിവരെയാണ് ഹാര്‍ദിക് പുറത്താക്കിയത്. 

റണ്‍വേട്ടക്കാരില്‍ നാലാമനാണ് ഹാര്‍ദിക്്. 15 മത്സരങ്ങളില്‍ 487 റണ്‍സാണ് ഓള്‍ റൗണ്ടര്‍ നേടിയത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ദേശീയ ടീമിലേക്കുള്ള വിളിയുമെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് താരം ഉള്‍പ്പെട്ടത്. എന്നാല്‍ എവിടെ കളിപ്പിക്കുമെന്നുള്ളതാണ് ചോദ്യം. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ താല്‍കാലികമായി നാലാം നമ്പറില്‍ കളിപ്പിക്കാം. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നത് മറ്റൊരു സാധ്യതയാണ്. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 

ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവച്ചിട്ടില്ല; റിപ്പോര്‍ട്ട് തള്ളി ജയ് ഷാ

ഹാര്‍ദിക്കിനെ അഞ്ചാമനായും റിഷഭ് പന്തിനെ ആറാം സ്ഥാനത്തും കളിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതിന് ഗവാസ്‌കര്‍ വിശദീകരിക്കുന്ന കാരണം ഇങ്ങനെ... ''അഞ്ചാമനോ ആറാമനോ ആയിട്ട് ഹാര്‍ദിക്കിനെ കളിപ്പിക്കാം. ഹാര്‍ദിക് അഞ്ചാമതും പന്ത് ആറാം സ്ഥാനത്തും ഇറങ്ങുന്നതൊന്ന് സങ്കല്‍പ്പിച്ച് നോക്കൂ. 14 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശാന്‍ സാധിക്കും. കരുതുന്നതിനേക്കാള്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തും. 100-120 റണ്‍സ് അവസാന ആറ് ഓവറുകളില്‍ നേടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവരതിന് കഴിവുള്ളവരാണ്. അതുതന്നെ ഞാന്‍ ഇരുവരിലും നിന്ന് പ്രതീക്ഷിക്കുന്നതും.'' ഗവാസ്‌കര്‍ പറഞ്ഞു. 

ധോണി ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ വിരമിക്കാനൊരുങ്ങി, മനസുമാറ്റിയത് സച്ചിന്‍, തുറന്നുപറഞ്ഞ് സെവാഗ്

നേരത്തെ മുന്‍ ന്യൂസിലന്‍ഡ് താരം ഡാനിയേല്‍ വെട്ടോറിയും ഹാര്‍ദിക്കിന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് സംസാരിച്ചിരുന്നു. യുവരാജ് സിംഗിനെ ഉപയോഗിച്ച പോലെ ഹാര്‍ദിക്കിനേയും ഉപയോഗിക്കണമെന്നാണ് വെട്ടോറി പറഞ്ഞത്. നാലാം നമ്പറില്‍ കളിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ''ഹാര്‍ദിക് പൂര്‍ണമായും ഫിറ്റാണെങ്കില്‍ നാലാം നമ്പറില്‍ കളിപ്പിക്കണം. അവന് അനുയോജ്യമായ സ്ഥാനം നാലാമനായി കളിക്കുയെന്നുള്ളതാണ്. അതിനര്‍ത്ഥം സൂര്യകുമാര്‍ യാദവിനെ പൂര്‍ണമായും മാറ്റണമെന്നല്ല. ഹാര്‍ദിക്കിന്റെ സാധ്യതയും ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്യുന്നത്. സൂര്യ തിരിച്ചുവന്നാല്‍ അഞ്ചാമനായും റിഷഭ് പന്തിനെ ആറാമനായും ഉപയോഗിക്കാം.'' വെട്ടോറി പറഞ്ഞു.

ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്നത് ജൂണ്‍ ഒമ്പതിന്

ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20. ഹാര്‍ദിക്കിനൊപ്പം ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ കെ എല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ചെന്നൈയുടെ യുവ ഓപ്പണര്‍ റിതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ് എന്നിവര്‍ സ്പിന്നാര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. 

ടി20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക്.

click me!