
വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരെ നാലാം ട്വന്റി 20യ്ക്ക് ഇറങ്ങുമ്പോള്‍ മലയാളിതാരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ടീമിലെ ശ്രദ്ധാകേന്ദ്രം. ആദ്യ മൂന്ന് കളിയില്‍ നിരാശപ്പെടുത്തിയ സഞ്ജുവിന്, ലോകകപ്പില്‍ കളിക്കണമെങ്കില്‍ മികച്ച പ്രകടനം അനിവാര്യമാണ്. ട്വന്റി 20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ സഞ്ജു സാംസണും ആരാധകരും ഒരുപോലെ നിരാശയില്‍. ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് കളിയില്‍ ഓപ്പണറായി അവസരം കിട്ടിയ സഞ്ജുവിന് നേടാനായത് വെറും 16 റണ്‍സ്. സഹഓപ്പണര്‍ അഭിഷേക് ശര്‍മ്മ തകര്‍ത്തടിക്കുമ്പോള്‍ സഞ്ജു ആദ്യ കളിയില്‍ പത്തും രണ്ടാം കളിയില്‍ ആറും മൂന്നാം കളിയില്‍ നേരിട്ട ആദ്യപന്തില്‍ പൂജ്യത്തിനും പുറത്തായി.
വിശാഖപട്ടണത്ത് നാലാം മത്സത്തിന് ഇറങ്ങുമ്പോള്‍ റണ്‍വരള്‍ച്ചയ്‌ക്കൊപ്പം വിമര്‍ശനങ്ങളുടെ സമ്മര്‍ദംകൂടി അടിച്ച്അകറ്റണം സഞ്ജു സാംസണ്. ഇല്ലെങ്കില്‍ ടീമിലെ രണ്ടാംകീപ്പറായ ഇഷാന്‍ കിഷന് വഴിമാറിക്കൊടുക്കേണ്ടിവരും മലയാളി താരത്തിന്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ ഓപ്പണറായും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന താരം. തിലക് വര്‍മ്മയ്ക്ക് പരിക്കേറ്റതോടെ കിവീസിനെതിരെ അവസരം കിട്ടിയ ഇഷാന്‍ ആദ്യ കളിയില്‍ എട്ട് റണ്ണിന് പുറത്തായെങ്കിലും രണ്ടാം മത്സരത്തില്‍ 32 പന്തില്‍ 11 ഫോറും നാല് സിക്‌സുമടക്കം നേടിയത് 76 റണ്‍സ്.
അവസാന മത്സരത്തില്‍ 13 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 28 റണ്‍സുമെടുത്തു. ഇതോടെ 2023ന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍, സഞ്ജുവിന് കടുത്ത വെല്ലുവിളി ആയിക്കഴിഞ്ഞു. തിലക് വര്‍മ്മ പരിക്കുമാറി എത്തുമ്പോള്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്ന വാദം ശക്തം. ഇനിയുള്ള കളിയില്‍ റണ്ണടിച്ചില്ലെങ്കില്‍ വലംകൈയന്‍ ബാറ്ററെന്ന ആനുകൂല്യവും സഞ്ജുവിനെ തുണച്ചേക്കില്ല. ടീമിലെ മറ്റ് ബാറ്റര്‍മാരായ അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ശിവം ദുബേ, റിങ്കു സിംഗ്, ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെല്ലാം ഇടംകൈയന്‍മാര്‍.
27കാരനായ ഇഷാന്‍ 35 ട്വന്റി 20യില്‍ ഏഴ് അര്‍ധ സെഞ്ച്വറികളോടെ 908 റണ്‍സെടുത്തിട്ടുണ്ട്. മുപ്പത്തിയൊന്നുകാരനായ സഞ്ജു 55 ട്വന്റി 20യില്‍ മൂന്ന് വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ നേടിയത് 1048 റണ്‍സ്. കഴിഞ്ഞ ദിവസം ഗൗതം ഗംഭീറിന് കീഴില്‍ കടുത്ത പരിശീലനം നടത്തിയിരുന്ന സഞ്ജു. ബോഡി ലൈനില്‍ വരുന്ന പന്തുകളാണ് സഞ്ജുവിനെതിരെ പരീക്ഷിച്ചത്. സ്പിന്നര്‍മാര്‍ക്കെതിരെ സഞ്ജു തകര്‍ത്തടിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പരിശീലകന്‍ ഗൗതം ഗംഭീറുമായി ദീര്‍ഘനേരം ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. ഇരുവരും സഞ്ജുവിന്റെ ഓരോ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഇതിന് പിന്നാലെ ഹെഡ് കോച്ച് ഗംഭീര്‍, ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്, ടീം അനലിസ്റ്റ് ഹരി പ്രസാദ് മോഹന്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ച നടത്തി. അഭിഷേക് ശര്‍മ്മ - സഞ്ജു സാംസണ്‍ ഓപ്പണിംഗ് സഖ്യത്തിലുള്ള വിശ്വാസം കൈവിടാന്‍ ടീം ഇന്ത്യ ഇപ്പോഴും തയ്യാറല്ല എന്നതിന്റെ സൂചനയാണിത്. ടീമിന്റെ ഈ നിലപാട് സമീപകാല അനുഭവങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ്. ഈ പരമ്പരയില്‍ തന്നെ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പിന്നീട് തന്റെ താളം വീണ്ടെടുത്തത് ഇതിന് ഉദാഹരണമാണ്.
മോശം സമയത്തും കളിക്കാരെ ചേര്‍ത്തുപിടിക്കുക എന്ന മാനേജ്മെന്റിന്റെ നയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകകപ്പിന് മുമ്പ് രണ്ട് മത്സരങ്ങളും വാം-അപ്പ് മത്സരങ്ങളും ബാക്കിയുള്ളതിനാല്‍, സഞ്ജുവിന്റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കാനുള്ള സാവകാശം ടീമിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!