
മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത മത്സരം. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ റിഷഭ് പന്തിനെ മറികടന്ന് മലയാളി താരം സഞ്ജു സാംസണും യുവതാരം ധ്രുവ് ജൂറെലും ഏകദിന ടീമിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2026ലെ മോശം ഫോം പന്തിന് തിരിച്ചടിയാകുമ്പോള്‍, തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍ ഏകദിന ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുന്ന സഞ്ജു സാംസണ്‍ ഈ സീസണില്‍ മിന്നും ഫോമിലാണ്.
എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 304 റണ്‍സാണ് സഞ്ജു ഇതിനകം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയ സഞ്ജു, ആ ഫോം ഏകദിനത്തിലും തുടരുമെന്നാണ് സെലക്ടര്‍മാരുടെ പ്രതീക്ഷ. ഏകദിന ക്രിക്കറ്റില്‍ 16 മത്സരങ്ങളില്‍ നിന്ന് 56.66 എന്ന മികച്ച ശരാശരി സഞ്ജുവിനുണ്ട്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ റിഷഭ് പന്തിന് ഈ ഐപിഎല്‍ സീസണില്‍ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 189 റണ്‍സാണ് താരം നേടിയത്.
ഒരു തവണ മാത്രമാണ് 50 റണ്‍സ് കടക്കാന്‍ സാധിച്ചത്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ഏകദിന പരമ്പരകള്‍ പന്തിന് നഷ്ടമായിരുന്നു. പന്തിന്റെ ഏകദിന ശരാശരി (33.50) സഞ്ജുവിനെക്കാള്‍ വളരെ പിന്നിലാണെന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന അടുത്ത ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. കെ എല്‍ രാഹുല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍, ബാക്കപ്പ് കീപ്പറായി സഞ്ജുവിനെയാണ് മാനേജ്മെന്റ് പ്രധാനമായും പരിഗണിക്കുന്നത്. യുവതാരം ധ്രുവ് ജൂറെലും പന്തിന് ഭീഷണിയായി സെലക്റ്റര്‍മാരുടെ മുന്നിലുണ്ട്.
ജൂണില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ പന്തിന് സ്ഥാനം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടീം മാനേജ്മെന്റില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം പന്തിനേക്കാള്‍ നിലവില്‍ സഞ്ജുവിനാണ് മുന്‍തൂക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!