
മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ നിരയില്‍, ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഒന്‍പത് റണ്‍സിന് പുറത്തായ അഭിഷേകിന്, നിര്‍ണ്ണായകമായ ഫൈനല്‍ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു.
ഡ്രെസ്സിംഗ് റൂമിലെ പിന്തുണ
ടൂര്‍ണമെന്റിലുടനീളം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അഭിഷേകിനെ ടീം മാനേജ്മെന്റും സഹതാരങ്ങളും കൈവിട്ടിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. ''ഞങ്ങളുടെ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷമാണുള്ളത്. നായകനും ടീം അംഗങ്ങള്‍ക്കും അഭിഷേകില്‍ വലിയ വിശ്വാസമുണ്ട്. ഏത് താരത്തിനും കരിയറില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകാം. ഒന്നോ രണ്ടോ നല്ല ഷോട്ടുകള്‍ കളിക്കാനായാല്‍ ഈ ഫോര്‍മാറ്റില്‍ ആത്മവിശ്വാസം തിരിച്ചുകിട്ടും. ഫൈനല്‍ ഒരുപക്ഷേ അഭിഷേകിന്റേതാകാം.'' സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 14.16 ശരാശരിയില്‍ 85 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്. സിംബാബ്വെക്കെതിരെ നേടിയ 55 റണ്‍സാണ് ഏക ഭേദപ്പെട്ട പ്രകടനം. അമേരിക്ക, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ താരം പൂജ്യത്തിന് പുറത്തായിരുന്നു.
തന്റെ കരിയറിലെ വെല്ലുവിളികളെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു. ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള സമ്മര്‍ദ്ദം കാരണം ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ താന്‍ അമിതമായി ശ്രമിച്ചിരുന്നുവെന്നും അത് തിരിച്ചടിയായെന്നും സഞ്ജു വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് വിന്‍ഡീസിനെതിരെ പുറത്താകാതെ 97 റണ്‍സും, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടി സഞ്ജു തന്റെ സ്ഥാനം ഉറപ്പിച്ചു.
വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ (42 പന്തില്‍ 89) കരുത്തില്‍ ഇന്ത്യ 253 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനായി ജേക്കബ് ബെഥല്‍ (48 പന്തില്‍ 105) തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും ജസ്പ്രിത് ബുമ്രയുടെ കൃത്യതയാര്‍ന്ന ബൗളിംഗ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. കിരീടം നിലനിര്‍ത്താനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!